Film News
ഷൂട്ടിനിടയില്‍ ശ്വാസതടസം വന്ന് അദ്ദേഹം ഒഴിവായി, പകരമെത്തിയതാണ് മണി: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 02, 10:48 am
Wednesday, 2nd August 2023, 4:18 pm

മലയാളികളുടെ എവര്‍ഗ്രീന്‍ ഫേവറീറ്റ് മലയാള സിനിമകളില്‍ മുന്‍പന്തിയിലാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ സ്ഥാനം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മണി, മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയത്.

ചിത്രം ആദ്യം ചെയ്യാനിരുന്നത് തമിഴിലായിരുന്നു എന്ന് പറയുകയാണ് സിബി മലയില്‍. പ്രഭുവിനെയാണ് അന്ന് കാസ്റ്റ് ചെയ്തിരുന്നതെന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ സുരേഷ് ഗോപി ആവുകയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. മണി ചിത്രത്തിന്റെ ഭാഗമായതെങ്ങനെയാണെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

‘സമ്മര്‍ ഇന്‍ ബത്‌ലഹേം ആദ്യം തമിഴില്‍ ചെയ്യാനിരുന്ന ചിത്രമാണ്. അന്ന് ജയറാമിനേയും പ്രഭുവിനേയും മഞ്ജു വാര്യരേയുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിര്‍മാതാവിന് ചില പ്രശ്‌നങ്ങളുണ്ടായതോടുകൂടിയാണ് ചിത്രം സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ മലയാളത്തില്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ പ്രഭുവിന് പകരം ആളെ കണ്ടെത്തണം. സുരേഷ് ഗോപിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

കളര്‍ഫുള്ളായ പാട്ടുകള്‍, സെറ്റുകള്‍, ഡ്രെസുമൊക്കെ ഉള്‍പ്പെടുത്തി ചെയ്യേണ്ട ഒരു സിനിമ ആണത്. അങ്ങനെ ചെയ്താലേ ആ സിനിമ വര്‍ക്കാവൂ. ഒരു സെലിബ്രേഷന്‍ മോഡാണ് ആ സിനിമ മുഴുവന്‍. ഒരു കുടുംബം മുഴുവന്‍ അവധി ആഘോഷിക്കാന്‍ എത്തുന്ന സിനിമയായി അതിനെ മാറ്റണം. ആ രീതിയില്‍ അതിനെ വിഷ്വലൈസ് ചെയ്യണം.

നാലഞ്ച് പാട്ടുകളുണ്ട് ആ സിനിമയില്‍. പാട്ടുകളൊരുക്കാന്‍ വിദ്യാസാഗറിനെയാണ് ഏല്‍പ്പിച്ചത്. മനോഹരമായ അഞ്ച് ഗാനങ്ങള്‍ വിദ്യ ഒരുക്കി. എല്ലാ പാട്ടുകളും ഹിറ്റായി. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്.

മോനായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതും സെറ്റിലെത്തിയതും കുതിരവട്ടം പപ്പു ചേട്ടനാണ്. പപ്പു ചേട്ടന്‍ വന്ന് പാട്ടിന്റെ രണ്ടുമൂന്ന് ഷോട്ടുകള്‍ എടുത്തു. ജയറാമും സുരേഷ് ഗോപിയും പപ്പു ചേട്ടനും കൂടി പടിയേറി വരുന്ന ഒറ്റ ഷോട്ടിലെടുക്കുന്ന സീനുണ്ട്.

നല്ല തണുപ്പുള്ള സമയമാണ്. പപ്പു ചേട്ടന് ശ്വാസ തടസം തുടങ്ങി. ഈ തണുപ്പ് എനിക്ക് പറ്റുന്നില്ല, എന്നെ ഒന്ന് ഒഴിവാക്കി തരണം എന്ന് പപ്പു ചേട്ടന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം തിരിച്ചുപോവുകയും പെട്ടെന്ന് തന്നെ മണിയെ കിട്ടുകയും മണി വന്ന് മോനായി എന്ന കഥാപാത്രം ചെയ്യുകയും ചെയ്തു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: CB Malail talks how Mani became a part in summer in bethlahem