'ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ'; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ
World News
'ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ'; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 7:15 pm

ചിയാംഗ് റായി: രണ്ടാഴ്ചയിലേറെയായി ഗുഹയില്‍ അകപ്പെട്ടിട്ടും പതിനൊന്നുവയസ് മാത്രം പ്രായമുള്ള കുട്ടികള്‍ കാണിച്ച ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് തായ്‌ലാന്റ് ഗുഹാ രക്ഷാപ്രവര്‍ത്തന സംഘാംഗം ഇവാന്‍ കാറാഡ്‌സിക. ബി.ബി.സി ന്യൂസിനോടായിരുന്നു ഇവാന്റെ പ്രതികരണം.

“ഇതിനു മുന്‍പ് ഒരു കുട്ടികളും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യാനാണ് ആ കുട്ടികള്‍ നിര്‍ബന്ധിതരായത്. ലോകത്തിലെ ഒരു കുട്ടിയും പതിനൊന്നാം വയസില്‍ ഗുഹയ്ക്കുള്ളില്‍ വെള്ളത്തിലൂടെ ഊളിയിട്ടിട്ടുണ്ടാകില്ല. ഏറ്റവും അപകടകരമായ ഡൈംവിംഗാണ് ഗുഹയ്ക്കുള്ളില്‍ നടത്തേണ്ടി വന്നത്.”

ALSO READ: സ്വവര്‍ഗരതി നിയമവിധേയമാക്കല്‍: വാദം കേള്‍ക്കല്‍ തുടങ്ങി; പരിശോധിക്കുക നിയമസാധുത

എന്നാല്‍ അവിശ്വസനീയമാം വിധം ധൈര്യശാലികളായിരുന്നു ആ കുട്ടികളെന്ന് ഇവാന്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ സംയമനത്തോടെയാണ് കുട്ടികള്‍ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


“ഞങ്ങള്‍ കരുതിയിട്ടുള്ള ടോര്‍ച്ചിലെ വെളിച്ചം മാത്രമായിരുന്നു ആ ഗുഹയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്. അവരെ ഇത് പേടിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക്. ചില ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ ആ കുട്ടികള്‍ എങ്ങനെ ഇത്രയും സൗമ്യമായും സംയമനത്തോടെയും പെരുമാറിയെന്ന് എനിക്ക് മനസിലാകുന്നില്ല.”

രണ്ടാഴ്ചയിലേറെയായി അമ്മമാരെപ്പോലും കാണാതെ ഗുഹയ്ക്കുള്ളിലായിരുന്നു അവര്‍. അവരുടെ മനക്കരുത്ത് എന്നെ അത്ഭുതപ്പെടുത്തുന്നു. വിശ്വസിക്കാനാകുന്നില്ല.- ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: സ്വവര്‍ഗാനുരാഗം ഹിന്ദുത്വയ്ക്ക് എതിരാണ്; ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ത്യ ഗവേഷണം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഗുഹയ്ക്കുള്ളില്‍ നിന്ന് ആദ്യ കുട്ടിയെ പുറത്തെത്തിക്കുമ്പോള്‍ അങ്കലാപ്പിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ കുട്ടിയെ 50 മീറ്റര്‍ അകലെ നിന്നാണ് ഞാന്‍ കാണുന്നത്. കുട്ടിയ്ക്ക് ജീവനുണ്ടെന്നും ശ്വസിക്കുന്നുവെന്നും ബോധ്യപ്പെട്ടതിനുശേഷമാണ് എനിയ്ക്ക് ശ്വാസം നേരെ വീണത്- ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കടപ്പാട്- ബി.ബി.സി ന്യൂസ്‌

മൂന്ന് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഇന്നാണ് വിരാമമായത്.

രണ്ടാഴ്ചയിലധികമായി തായ്‌ലാന്റ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ചിയാംഗ് റായിയിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ALSO READ: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു, വീഡിയോ

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്.

അതിസാഹസികവും അതേസമയം സൂക്ഷ്മവുമായ രക്ഷാപ്രവര്‍ത്തനമാണ് ദൗത്യ സംഘം മൂന്ന് ദിവസം കൊണ്ട് വിജയകരമായി അവസാനിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടിരുന്നു.

തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 90 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

WATCH THIS VIDEO: