| Sunday, 19th May 2019, 12:53 pm

മോദി ധ്യാനമിരുന്ന കേദാര്‍നാഥിലെ ഗുഹയ്ക്ക് ദിവസവാടക 990 രൂപ: മറ്റ് സൗകര്യങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്ന ഗുഹയുടെ ഒരു ദിവസത്തെ വാടക 990 രൂപ. എല്ലാ അത്യാധുനിക സൗകര്യവുമുള്ള ഗുഹയാണിത്.

കഴിഞ്ഞവര്‍ഷമാണ് ഇവിടെ ഗുഹ നിര്‍മ്മിച്ചത്. ഗുഹയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലഭ്യമിട്ടാണ് ഗാര്‍ഗ്‌വാള്‍ മണ്ഡല്‍ വികാസ് നിഗമം വാടക കുറച്ചതും ചില നിബന്ധനകള്‍ ഒഴിവാക്കിയത്.

മോദിയുടെ നിര്‍ദേശ പ്രകാരമാണ് രുദ്ര മെഡിറ്റേഷന്‍ കെയ്‌വ് എന്ന ഈ ഗുഹ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ജി.എം.വി.എന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചത്.

‘ ബുക്കിങ്ങിനായി തുറന്നതിനുശേഷം ടൂറിസ്റ്റുകളില്‍ നിന്നും വലിയ പ്രതികരണമൊന്നും ഗുഹയുടെ കാര്യത്തിലുണ്ടായില്ല. കനത്ത ശൈത്യം പ്രതിസന്ധിയായിരുന്നു. പിന്നീടാണ് താരിഫ് വളരെയധികമാണെന്ന് ഞങ്ങള്‍ മനസിലാക്കിയത്.’ ജി.എം.വി.എന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ പറഞ്ഞു.

മൂന്നുദിവസത്തേക്കെങ്കിലും ബുക്ക് ചെയ്യണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഈ വര്‍ഷമാണ് ഈ നിബന്ധന എടുത്തുമാറ്റിയത്.

വൈദ്യുതി, കുടിവെള്ള സൗകര്യം, വാഷ്‌റൂം, എന്നീ സൗകര്യങ്ങളുമുണ്ട്. കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പുറംഭാഗത്ത് മരത്തിന്റെ വാതിലുമുണ്ട്. കൂടാതെ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം, രണ്ടുതവണ ചായ എന്നിവ ലഭിക്കും.

ഗുഹയ്ക്കുള്ളില്‍ ഒരു കോള്‍ ബെല്ലുണ്ട്. ഇത് അമര്‍ത്തിയാല്‍ 24 മണിക്കൂറും ഒരു അറ്റന്റന്റിന്റെ സേവനം ലഭ്യമാണ്.

ഗുഹ വളരെ ഉള്‍പ്രദേശത്ത് ആയതിനാലും ധ്യാനത്തിനുവേണ്ടിയുണ്ടാക്കിയതിനാലും ഒരു സമയം ഒരാളെ മാത്രമേ ഗുഹയ്ക്കുള്ളില്‍ അനുവദിക്കുകയുള്ളൂ. അടിയന്തര ഘട്ടങ്ങളില്‍ ഗുഹയില്‍ കഴിയുന്നയാള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഫോണും അതിനുള്ളിലുണ്ട്.

We use cookies to give you the best possible experience. Learn more