മേഘങ്ങളുടെ ഭവനം എന്നറിയപ്പെടുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും ഭീകരമായ 9 ഗുഹകള്‍ മേഘാലയയുടെ കുന്നുകളിലാണ് നിലകൊള്ളുന്നത്.
സാഹസികയാത്രികര്‍ക്കും ഗുഹാന്തരീക്ഷം ഇഷ്ടപ്പെടുന്നവര്‍ക്കും തീര്‍ച്ചായായും മേഘാലയ ഒരു സ്വര്‍ഗമായിരിക്കും. ഇവിടുത്തെ പ്രധാന ഗുഹകള്‍…
ക്രേം ലിയറ്റ് പ്രാഹ്
മേഘാലയയിലെ ഈ ഗുഹക്ക് ഏതാണ്ട് 34 കിലോമീറ്റര്‍ വ്യാപ്തിയുണ്ട്. ഈ ഗുഹ ഇവിടെയുള്ള മറ്റെല്ലാ ഗുഹകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ഇവിടെത്തെ അത്ഭുതാവഹകമായ കാര്യം. ഈ ഗുഹയില്‍ കൂടി നിങ്ങള്‍ക്ക് ഇവിടെയുള്ള മറ്റേത് ഗുഹകളിലേക്കും ചെന്നെത്താം. ഈ ഗുഹയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങള്‍ അറിയാനും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറു ഗുഹകളെ കണ്ടെത്താനുമായി ഗവേഷകരുടെ ഒരു വലിയ സംഘം ഇവിടെയുണ്ട്.
ക്രേം കൊട്ട്‌സാറ്റി
ക്രേം കൊട്ട്‌സാറ്റിലേക്ക് 25 വ്യത്യസ്ത പ്രവേശന കവാടങ്ങള്‍ ഉണ്ട്. എങ്കിലും, ഈ ഗുഹയിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല. ഇതിനു ചുറ്റും ഒരു ചെറിയ ജലതടാകം സ്ഥിതി ചെയ്യുന്നുണ്ട്. ആ തടാകം കുറുകേ നീന്തിക്കടന്നു വേണം ഗുഹയിലേക്കെത്താന്‍. ഏതാണ്ട് 21.5 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ ഗുഹയിലേക്ക് അരുവിയുടെ പലയിടത്തു നിന്നും ചെറിയ ഇടനാഴികളുണ്ട്.
മവ്‌സ്മായ് ഗുഹ
വളരെ ശാന്തസുന്ദരമായ ഒരു ഗുഹയായിരുന്നിട്ട് പോലും ഈ ഗുഹയുടെ 150 മീറ്ററുകള്‍ മാത്രമാണ് യാത്രികര്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളത്. മേഘാലയിലെ മറ്റു ഗുഹകളെ പോലെ തന്നെ നിരവധി രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ അവസരമൊരുക്കുന്ന ഒരു സ്ഥലമാണിത്. പ്രകൃതിയുടെ ഇരുളില്‍ മറഞ്ഞിരിക്കുന്ന മവ്‌സ്മായ് ഗുഹയ്ക്കകത്ത് എന്താണെന്ന് അറിയാനും സൂര്യപ്രകാശം ഇങ്ങോട്ടു കടന്നു വരുമ്പോഴുള്ള അവിശ്വസിനീയ സൗന്ദര്യം ദര്‍ശിക്കാനും വേണ്ടി മേഘാലയയിലേക്ക് എത്തുന്നവര്‍ നിരവധിയാണ്.
സിജു ഗുഹ
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ ഗുഹയാണ് സിജു ഗുഹ. കുമ്മായ കല്ലുകളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഗുഹയില്‍ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്. വ്യത്യസ്തയിനം ചെറു പ്രാണികളുടേയും നാനാതരത്തിലുള്ള ഷഡ്പദങ്ങളുടേയും ഭവനമാണ് ഈ ഗുഹ. അപൂര്‍വ ഇനത്തില്‍പ്പെട്ട ചിലതരം വവ്വാലുകളുമുണ്ട് ഇവിടെ.