ന്യൂദല്‍ഹി: കാവേരി നദീജലത്തിന്റെ പേരില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള നിയമയുദ്ധത്തില്‍ കര്‍ണാടകയ്ക്ക് അനുകൂലമായ വിധിയാണ് ഇന്ന് പരമോന്നത കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. 1924ല്‍ മദിരാശി പ്രവിശ്യയും മൈസൂര്‍ നാട്ടുരാജ്യവും തമ്മിലാണ് കാവേരി നദിയിലെ ജലം സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്.
70കളോടെയാണ് ഈ വിഷയത്തില്‍ നിയമയുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ഇന്നുണ്ടായ സുപ്രീം കോടതി വിധിയുടേയും അതിനോടുള്ള പ്രതികരണങ്ങളുടേയും പശ്ചാത്തലത്തില്‍ കവേരി തര്‍ക്കത്തിന്റെ നാള്‍വഴികള്‍ വായിക്കാം.
► കാവേരി നദീജല തര്‍ക്കത്തിനാധാരമായ അടിസ്ഥാന കരാര്‍ 1924-ല്‍ മദിരാശി പ്രവിശ്യയും മൈസൂര്‍ നാട്ടുരാജ്യവും ഒപ്പു വെക്കുന്നു. 1974 വരെയായിരുന്നു ഈ കരാറിന്റെ കാലാവധി.
► 1970 മുതല്‍ തമിഴ്‌നാട് നടത്തിവന്ന ഇടപെടലുകളെ തുടര്‍ന്ന് മെയ് 1990-ല്‍ കാവേരി വാട്ടര്‍ ഡിസ്പ്യൂട്ട് ട്രൈബ്യൂണല്‍ (സി.ഡബ്യൂ.ഡി.ടി.) രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
► 1991 ജനുവരിയില്‍ സി.ഡബ്യൂ.ഡി.ടി. തമിഴ്‌നാട് സര്‍ക്കാറിന്റെ ഇടക്കാല ആശ്വാസത്തിനായുള്ള അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു.
► ഇടക്കാല ആശ്വാസത്തിനായുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ അപേക്ഷക്ക് അനുകൂല നിലപാടെടുക്കാന്‍ സുപ്രീം കോടതി ഏപ്രിലില്‍ സി.ഡബ്ല്യൂ.ഡി.ടിയോട് നിര്‍ദ്ദേശിച്ചു.
► 205 ടി.എം.സി. ജലം തമിഴ്‌നാടിനു നല്‍കാന്‍ ആവശ്യപ്പെട്ടു സി.ഡബ്ല്യൂ.ഡി.ടി. ജൂണില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. സുപ്രീം കോടതി ഇടപെട്ട് ഓര്‍ഡിനന്‍സ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അതിനു തയ്യാറായില്ല.
► ഡിസംബര്‍ 11ന് ഇടക്കാല ആശ്വാസത്തിനായുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാറിന്റെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു വന്നു.
► സി.ഡബ്ല്യൂ.ഡി.ടി.യുടെ ഇടക്കാല ആശ്വാസത്തിനായുള്ള ഉത്തരവ് നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍, 1998 ആഗസ്റ്റിന് കാവേരി റിവര്‍ അതോറിറ്റി (സി.ആര്‍.എ) രൂപീകരിച്ചു.
► 2002 സെപ്തംബര്‍ 8ന്, അന്നത്തെ പ്രധാന മന്ത്രി വാജ്‌പേയിയുടെ നേതൃത്ത്വത്തിലുള്ള സി.ആര്‍.എ, കര്‍ണാടക സര്‍ക്കാറിനോട് 0.8 ടി.എം.സി. ജലം തമിഴ്‌നാടിനു നല്‍കാന്‍ ആവശ്യപ്പെട്ടു.
► 2007 ഫെബ്രുവരി 5ന്, 1924ല്‍ മദിരാശി പ്രവിശ്യയും മൈസൂര്‍ നാട്ടുരാജ്യവും ഒപ്പു വെച്ച അടിസ്ഥാന കരാറിനെ സാധൂകരിക്കുന്ന ഉത്തരവ് അന്തിമ തീരുമാനമായി സി.ഡബ്ല്യൂ.ഡി.ടി. പ്രഖ്യാപിച്ചു.
► മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരിക്കെയുള്ള സി.ആര്‍.എ, 2012 സെപ്തംബര്‍ 19ന്, കര്‍ണാടക സര്‍ക്കാറിനോട് 9,000 ക്യുസെക്‌സ് ജലം തമിഴ്‌നാടിനു നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
► പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സെപ്തംബര്‍ 28ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടു.
► 2013 മാര്‍ച്ച് 19ന്, കേന്ദ്ര ജല മന്ത്രാലയത്തോട് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സി.എം.ബി) രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
► കാവേരി ജലപദ്ധതി നിരീക്ഷിക്കാനായി ഒരു പാനല്‍ രൂപീകരിക്കാന്‍ മെയ് 10ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
► സി.ഡബ്ല്യൂഡി.ടിയുടെ നിര്‍ദേശങ്ങളൊന്നും തന്നെ കര്‍ണാടക സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 2,480 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മെയ് 28ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു.
► 2013 ജൂണ്‍ 12ന്, കാവേരി സൂപ്പര്‍വൈസറി കമ്മിറ്റി (സി.എസ്.സി) കര്‍ണാടക സര്‍ക്കാറിനനുകൂല നിലപാടെടുത്തു.
► ജൂണ്‍ 14ന് കോടതിയെ സമീപിക്കാന്‍ തമിഴ്‌നാട് തീരുമാനമെടുത്തു.
► സി.എം.ബി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് 2013 ജൂണ്‍ 26ന് തമിഴ്‌നാട് സുപ്രീം കോടതിയിലെത്തി.
► ജൂണ്‍ 28ന് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് പെറ്റീഷന്‍ നല്‍കി.
► 2015 നവംബര്‍ 18ന്, കര്‍ണാടക സര്‍ക്കാര്‍ അവരുടെ ഭാഗം അറിയിക്കാന്‍ സുപ്രീം കോടതിയിലെത്തി.
► 2016 സെപ്തംബര്‍ 2ന്, കാവേരി ജലം തമിഴ്‌നാടുമായി പങ്കു വെക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
► സെപ്തംബര്‍ 5ന്, 15,000 ക്യുസെക്‌സ് ജലം ദിവസേന തമിഴ്‌നാടിനു നല്‍കാനും നിര്‍ദേശിച്ചു.
► 2016 സെപ്തംബര്‍ 7ന് സുപ്രീം കോടതി നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പാലിച്ചു തുടങ്ങുകയും, സെപ്തംബര്‍ 11ന് ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
► സെപ്തംബര്‍ 12ന്, തമിഴ്‌നാടിനു നല്‍കേണ്ട ജലത്തിന്റെ അളവ് കോടതി 15,000 ക്യുസെക്‌സില്‍ നിന്നും 12,000 ക്യുസെക്‌സായി കുറച്ചു.
► സെപ്തംബര്‍ 19-ന് സി.എസ്.സി 3,000 ക്യുസെക്‌സ് ജലം തമിഴ്‌നാടിനു നല്‍കാന്‍ ഉത്തരവിറക്കി.
► 2017 ജൂലായ് 14ന്, സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളെയും പരിഗണിച്ച്, കര്‍ണാടക നല്‍കേണ്ട ജലത്തിന്റെ അളവ് 192 ടി.എം.സി.എഫ്ടിയില്‍ നിന്നും 132 ടി.എം.സി.എഫ്ടിയായി കുറച്ചു.
► 2018 ഫെബ്രുവരി 16ന് സുപ്രീം കോടതി ഈ വിഷയത്തിലെ അന്തിമ തീരുമാനം പുറപ്പെടുവിച്ചു. അടുത്ത 15 വര്‍ഷത്തേക്ക്, കര്‍ണാടകയോട് പ്രതിവര്‍ഷം 404.25 ടി.എം.സി.എഫ്ടി ജലം തമിഴ്‌നാടിനു നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിധി വന്നത്.