തൃച്ചി: അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ വ്യത്യസ്ത പ്രതിഷേധം. ദേശീയ തെന്നിന്ത്യ നദികള്‍ ഇനൈപ്പ് വിവസായികള്‍ സംഘത്തിലെ (നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍-ലിങ്കിങ് അഗ്രികള്‍ചറിസ്റ്റ് അസ്സോസിയേഷന്‍) അംഗങ്ങള്‍ പ്രസിഡന്റ് പി. അയ്യകന്നുവിന്റെ നേതൃത്വത്തിലാണ് കഴുത്തുവരെ മണ്ണില്‍ കുഴിച്ചുമൂടി മൃതശരീരങ്ങളെ പോലെ നടിച്ച് തൃച്ചിയിലെ കാവേരി നദീ തീരത്ത് സമരം ചെയ്തത്.
അസോസിയേഷന്റെ മൊത്തം 25 അംഗങ്ങളും ചേര്‍ന്ന് കഴുത്തുവരെ മണ്ണില്‍ മൂടി പൂമാലകളുമായി പ്രതീകാത്മക സമരത്തില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമരത്തില്‍ പങ്കാളികളായവര്‍ കുറ്റപ്പെടുത്തി. എത്രയും പെട്ടന്നുതന്നെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാറിനോട് സമരക്കാര്‍ ഉന്നയിച്ചു.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കര്‍ണാടകയിലെ ജലത്തിന്റെ ഒരു ഭാഗം ലഭിക്കുകയാണ് അടിസ്ഥാന ആവശ്യമെന്നും സമരക്കാര്‍ പറഞ്ഞു. രാവിലെ 10.30 ന് ആരംഭിച്ച പ്രതിഷേധം പൊലീസ് ബലംപ്രയോഗിച്ചാണ് ഉച്ചയോടെ അവസാനിപ്പിച്ചത്.
Watch DoolNews Video: