| Saturday, 9th February 2013, 12:30 am

കാവേരി: ബി.ജെ.പി എം.എല്‍.എ നിയമസഭയ്ക്കുള്ളില്‍ കുളിച്ച് പ്രതിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: കാവേരിനദീജല പ്രശ്‌നത്തില്‍ കര്‍ണാടക നിയമസഭയില്‍ ഇന്നലെ വ്യത്യസ്തമായൊരു പ്രതിഷേധ പ്രകടനം കണ്ടു.

മൈസൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ എച്ച്.എസ്. ശങ്കരലിങ്ക ഗൗഡയാണ് നിയമസഭയ്ക്കുള്ളില്‍ പ്രതീകാത്മകമായി കുളിച്ച് പ്രതിഷേധിച്ചത്. []

കാവേരിനദിയില്‍ നിന്ന്‌ തമിഴ്‌നാടിന് 2.44 ടിഎംസി ജലം വിട്ടുനല്‍കണമെന്ന്‌ കര്‍ണാടകയ്ക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഗൗഡ പ്രതിഷേധം ഉയര്‍ത്തിയത്.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മുന്നില്‍വച്ച് തലയില്‍ ഒരു കുപ്പി വെള്ളം ഒഴിച്ചാണ് ഗൗഡ തന്റെ പ്രതിഷേധം അറിയിച്ചത്. ഒടുവില്‍ ആഭ്യന്തരമന്ത്രി ആര്‍. അശോകയാണ് ഗൗഡയെ അനുനയിപ്പിച്ച് സീറ്റില്‍ കൊണ്ട് ചെന്ന് ഇരുത്തിയത്.

താല്‍ക്കാലിക ആവശ്യത്തിനായി 2.44 ടിഎംസി അടി വെള്ളം വിട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടത്.

ഇത് കര്‍ണാടകയിലെ കുടിവെള്ള ആവശ്യത്തെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 30 ടിഎംസി അടി വെള്ളം നല്‍കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.

നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദ്ദശത്ത തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തര്‍ക്കം വീണ്ടും കോടതിയിലെത്തിയത്.

തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ആറു ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളിലെ ജലസേചനത്തിനായി ഒന്‍പത് ടിഎംസി ജലം വേണമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.

ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും തമിഴ്‌നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു.

എന്നാല്‍, 40 ശതമാനവും വിളവെടുപ്പു പൂര്‍ത്തിയായെന്നും ബാക്കിയുള്ളവ വിളവെടുപ്പിന്റെ കാലമായതാണെന്നും കര്‍ണാടകത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് 2.44 ടിഎംസി ജലം നല്‍കാന്‍ ഉത്തരാവായത്.

We use cookies to give you the best possible experience. Learn more