| Saturday, 29th May 2021, 12:57 pm

ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചുകൊന്നു; പ്രതികാരമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞ ശേഷം വെടി വെക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

രാജസ്ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതകം ട്രാഫിക് പൊലീസിന്റെ സി.സി.ടിവിയില്‍ പതിഞ്ഞു. 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളാണ് ഡോക്ടര്‍ ദമ്പതിമാര്‍. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. സീമാ ഗുപ്തയുടെ
അമ്മയും കേസിലെ പ്രതിയാണ്. സീമാ ഗുപ്തയും അമ്മയും 2019-ല്‍ സ്ത്രീയുടെ വീടിന് തീയിട്ടുവെന്നാണ് കേസ്.

സ്ത്രീയും കുഞ്ഞും വെന്തു മരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ ദമ്പതികളും അമ്മയും ജയിലിലായിരുന്നു. നിലവില്‍ മൂന്ന് പേരും ജാമ്യത്തിലാണ്.

പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികളായ രണ്ടു പേരും ഡോക്ടര്‍ ദമ്പതിമാരെ പിന്തുടരുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം റോഡില്‍ ആളില്ലാത്ത സമയം നോക്കി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ യുവാക്കള്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. സുധീപ് ഗുപ്തയായിരുന്നു കാറോടിച്ചിരുന്നത്. കാറിന് സമീപത്തേക്ക് യുവാവ് നടന്നു. കാറിന്റെ വിന്‍ഡോ താഴ്ത്തിയ ഉടന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Caught On CCTV, Doctor Couple In Rajasthan Stopped, Shot Dead in Car

Latest Stories

We use cookies to give you the best possible experience. Learn more