ശ്രീലങ്കന്‍ നയതന്ത്ര പ്രതിനിധിക്ക് മലേഷ്യന്‍ വിമാനത്താവളത്തില്‍ ക്രൂരമര്‍ദ്ദനം
Daily News
ശ്രീലങ്കന്‍ നയതന്ത്ര പ്രതിനിധിക്ക് മലേഷ്യന്‍ വിമാനത്താവളത്തില്‍ ക്രൂരമര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2016, 10:22 am

മലേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ശ്രീലങ്കയിലേക്ക് തിരിച്ചു പോകുന്ന ശ്രീലങ്കന്‍ വ്യവസായ മന്ത്രിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇബ്രാഹിം സാഹിബ് അന്‍സാര്‍


ക്വാലാലംപൂര്‍: ശ്രീലങ്കന്‍ നയതന്ത്ര പ്രതിനിധിക്ക് മലേഷ്യയിലെ കോലാലമ്പൂര്‍ വിമാനത്താവളത്തില്‍ ക്രൂര മര്‍ദ്ദനം. മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഇബ്രാഹിം സാഹിബ് അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി മലേഷ്യന്‍പോലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഇബ്രാഹിം സാഹിബിന് ചെറിയ പരിക്ക് മാത്രമാണ് പറ്റിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം അക്രമത്തിന് പിന്നിലുള്ളവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

മലേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ശ്രീലങ്കയിലേക്ക് തിരിച്ചു പോകുന്ന ശ്രീലങ്കന്‍ വ്യവസായ മന്ത്രിയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇബ്രാഹിം സാഹിബ് അന്‍സാര്‍. എന്നാല്‍ പൊടുന്നനെ ഇദ്ദേഹത്തിനരികിലെത്തിയ സംഘം മര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ശ്രീലങ്കയിലെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ശ്രീലങ്ക പ്രതിഷേധം അറിയിച്ചു. നയതന്ത്രപ്രതിനിധിക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെ മലേഷ്യ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ വംശജരുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. 100 കണക്കിന് പ്രവര്‍ത്തകരായിരുന്നു അന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.