| Wednesday, 26th July 2017, 1:06 pm

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രിന്‍സിപ്പലും അധ്യാപികമാരും തമ്മില്‍ കയ്യാങ്കളി; അധ്യാപികമാരെ പുറത്താക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രിന്‍സിപ്പലും അധ്യാപികമാരും തമ്മില്‍ കയ്യാങ്കളി. പഞ്ചാബിലെ ഗവര്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ മറ്റ് അധ്യാപകരുമായി വഴക്കുണ്ടാക്കിയ അധ്യാപിക പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള അടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

സ്‌കൂളിലെ സയന്‍സ് അധ്യാപികയായ കൈലാഷ് റാണിയും മറ്റ് അധ്യാപികമാരും തമ്മിണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന മറ്റ് അധ്യാപികമാരെ കൈലാഷ് റാണി ബാഗ് ഉപയോഗിച്ച് അടിക്കുകയായിരുന്നു.

അതേസമയം പ്രിന്‍സിപ്പലിനൊപ്പം കൂടി മറ്റ് അധ്യാപികമാര്‍ കൂടി തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കൈലാഷ് റാണി പറയുന്നു. പ്രിന്‍സിപ്പലും അധ്യാപികയുമായുള്ള തര്‍ക്കം 20 മിനുട്ടോളം നീണ്ടതായി വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം സ്‌കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നും അതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നില്‍ക്കുകയായാണെന്നും കൈലാഷ് റാണി പറയുന്നു. സ്‌കൂളിലെ പ്രിന്‍സിപ്പലിനേക്കാള്‍ സീനിയറാണ് താന്‍. അതുകൊണ്ട് തന്നെ പ്രിന്‍സിപ്പല്‍ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതെന്നുമാണ് ഇവര്‍ പറയുന്നത്.

അതേസമയം കൈലാഷ് റാണി സ്‌കൂളിലെ മറ്റ് മൂന്ന് അധ്യാപികമാരെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്നും അവര്‍ കാരണം സ്‌കൂളിന് ചീത്തപ്പേര് ഉണ്ടായെന്നും പ്രിന്‍സിപ്പല്‍ വീണാ ഭാസി പറയുന്നു.

അതേസമയം വീണാ ഭാസിയേയും കൈലാഷ് റാണിയേയുയും ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അന്തരീക്ഷത്തില്‍ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ തന്‍ജിത് സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more