ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ച ആസാമീസ് ഗായകന്‍ പാപോണിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലെ ലൈവ് വീഡിയോയ്ക്കിടെയാണ് അങ്കരാഗ് മഹന്ത എന്ന പാപോണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചത്.
ഒരു റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു സംഭവം. മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെയാണ് ഷോയിലെ ജഡ്ജിയായ പാപോണ്‍ ചുംബിച്ചത്. സംഭവം വിവാദമായതോടെ പാപോണ്‍ ജഡ്ജി സ്ഥാനത്തു നിന്നും പിന്മാറി. “സത്യം പുറത്തുവരും” എന്ന് ട്വീറ്റു ചെയ്തുകൊണ്ടാണ് താന്‍ പിന്മാറുന്ന വിവരം അദ്ദേഹം അറിയിച്ചത്.
ഗുഹാവത്തി പൊലീസാണ് പാപോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആസാം സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുറ്റാരോപിതനെ ഉടന്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് പശ്ചിമ ഗുഹാവത്തി ഡെപ്യൂട്ടി കമ്മീഷണര്‍ മൊനീഷ് മിശ്ര പറഞ്ഞു.
തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ആത്യന്തികമായി സത്യം പുറത്തുവരുമെന്നും പാപോണ്‍ പറഞ്ഞു. താന്‍ സ്വാഭാവികമായി ചെയ്ത കാര്യമാണ് അത്. ഇന്നത്തെ കാലത്ത് എത്ര നിഷ്‌കളങ്കമായ ചിന്തകളോടെയാണെങ്കിലും ഒരു കൊച്ചു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് ഉചിതമല്ല. അതിന് മാപ്പു പറയുന്നതായും പാപോണ്‍ പറഞ്ഞു.
“വോയ്‌സ് ഓഫ് ഇന്ത്യ” എന്ന റിയാലിറ്റി ഷോയ്ക്കിടെ ഹോളി നിറങ്ങള്‍ പരസ്പരം വാരി പൂശുന്നതിനിടെയായിരുന്നു വിവാദമായ സംഭവം. ഇത് പാപോണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.
ഹോളി ആഘോഷത്തിനിടെ 11-കാരിയായ പെണ്‍കുട്ടിയുടെ മുഖത്ത് പാപോണ്‍ പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. ഫെബ്രുവരി 20-ന് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിശിതമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഗായകനെതിരെ ഉയര്‍ന്നത്. ഇതേതുടര്‍ന്നായിരുന്നു പാപോണ്‍ മാപ്പ് പറഞ്ഞത്.
മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വികസന മന്ത്രി വിദ്യ ഠാക്കൂര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിലും പാപോണിനെകതിരെ പരാതി ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ രുന ഭുയാന്‍ ആണ് പരാതി നല്‍കിത്.
കുട്ടികളോട് അതിയായ വാത്സല്യമുള്ളതും അത് പ്രകടിപ്പിക്കുന്നതുമായ ആളാണ് താനെന്ന് പാപോണ്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താന്‍ വഴികാട്ടുന്നവരില്‍ ഒരാളായ 11-കാരി പെണ്‍കുട്ടിയോടുള്ള വാത്സല്യമാണ് താന്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത് തനിക്ക് അന്യമാണെന്നും പാപോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോ കാണാം: