ഗോശാലയിലെ പശുക്കളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു നല്‍കാന്‍ തയ്യാറെന്ന് സുരേഷ് ഗോപിയും ജി. സുരേഷ് കുമാറും; നടത്തിപ്പിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ട്രസ്റ്റ്
Kerala
ഗോശാലയിലെ പശുക്കളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു നല്‍കാന്‍ തയ്യാറെന്ന് സുരേഷ് ഗോപിയും ജി. സുരേഷ് കുമാറും; നടത്തിപ്പിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ട്രസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 1:45 pm

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ ഗോശാലയിലെ പശുക്കളെ ക്ഷേത്രത്തിനു നല്‍കാന്‍ തയ്യാറെന്ന് ട്രസ്റ്റ്. ക്ഷേത്രം ഗോശാല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി എസ് വിജയകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

നടന്‍ സുരേഷ് ഗോപി എംപി ട്രസ്റ്റിയും സിനിമാ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ മാനേജിങ് ട്രസ്റ്റിയുമാണ്. ഇവര്‍ ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും ഗോശാല നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ട്രസ്റ്റിനില്ലെന്നും വിജയകൃഷ്ണന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

പശുക്കളെ നോക്കാനായി ദിവസേന 7000 രൂപയില്‍ കൂടുതല്‍ ചെലവുണ്ട്. സംഭാവന വഴിയാണ് ട്രസ്റ്റ് ഗോശാല നടത്തിയിരുന്നത്. നിലവില്‍ സംഭാവനയൊന്നും ലഭിക്കുന്നില്ല. അതിനാല്‍ ഭക്ഷണം നല്‍കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കും.

ക്ഷേത്രത്തിലേക്ക് പാല്‍ കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുമായി ചേര്‍ന്നാണ് ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന് ഇതുകൂടാതെ 30 പശുക്കള്‍ വേറെയുണ്ട്.

ഇവിടെ സ്ഥലമില്ലാത്തതിനാല്‍ കോട്ടൂരിലുള്ള മറ്റൊരു ഫാമിലാണ് അവ. നേരത്തെ ഗോശാല പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് സ്ഥലപരിമിതിമൂലമാണ് അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം ഇടപെട്ട് നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്.

കുതിരമാളികയ്ക്കു സമീപമായതിനാല്‍ ഇവിടെനിന്ന് മാറ്റണമെന്ന് പിന്നീട് കൊട്ടാരംതന്നെ ആവശ്യപ്പെട്ടു. മാറ്റാന്‍ നിര്‍വാഹമില്ലായെന്ന് ട്രസ്റ്റ് പറഞ്ഞതിനാല്‍ ഒഴിപ്പിക്കാന്‍ കേസും നല്‍കി. ഈ കേസ് നിലനില്‍ക്കുകയാണ്.

എന്നാല്‍, ഗോശാല നടത്താന്‍ ആവശ്യമായ ലൈസന്‍സ് പോലും ട്രസ്റ്റ് എടുത്തിട്ടില്ലായെന്നാണ് കൊട്ടാരം അധികൃതരുടെ വിശദീകരണം. അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധമായ കുതിരമാളികയ്ക്കു സമീപം ഗോശാല പ്രവര്‍ത്തിക്കുന്നത് ഇവിടെ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കൊട്ടാരം അധികൃതര്‍ പറയുന്നു.

നിലവില്‍ പശുക്കള്‍ക്ക് സര്‍ക്കാരാണ് ഭക്ഷണം നല്‍കാനുള്ള തുക നല്‍കുന്നത്. ട്രസ്റ്റ് അധികൃതര്‍ വേണ്ടരീതിയില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മറ്റു നടപടികളുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.