| Friday, 2nd June 2017, 11:32 am

കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് : പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞു. പാലക്കാട് വേലന്‍ താവളത്ത് തമിഴ്നാട്ടില്‍ നിന്ന് കന്നുകാലികളുമായി വന്ന ലോറികളെയാണ് തടഞ്ഞത്.

ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് കന്നുക്കാലികളെ കൊണ്ടുവന്ന ലോറികള്‍ തടഞ്ഞത്. വേലന്‍ താവളം ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ചായിരുന്നു ലോറികള്‍ തടഞ്ഞത്. തുടര്‍ന്ന് കാലികളെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

വിഷയത്തില്‍ പൊലീസ് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും കന്നുകാലികളെ കയറ്റിയ വാഹനം കേരളത്തിലേക്ക് കടത്തിവിട്ടില്ലെന്നും
വാഹനങ്ങളില്‍ ഭൂരിഭാഗവും സേലം പൊള്ളാച്ചി ഭാഗത്തേക്ക് തിരിച്ചു വിട്ടു എന്നും ലോറി ഡ്രൈവര്‍മാര്‍ പറയുന്നു.

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആയിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് വിവാദമായതോടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കന്നുകാലികളെ വില്‍പ്പന നടത്തുന്നതിനാണ് നിയന്ത്രണമെന്നുമായിരുന്നു പിന്നീട് വിശദീകരിച്ചത്.


Dont Miss ഇതാണ് മലപ്പുറം; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം; പങ്കെടുത്തത് 400 ലേറെ പേര്‍


അതിനിടെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണങ്ങളും നിലപാടുകളുമാണ് ് രാജ്യത്തെ ഹൈക്കോടതികളില്‍ നിന്നുണ്ടായത്.

കശാപ്പ് നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നാലാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തത്.

എന്നാല്‍ ഇതില്‍ നിന്ന് വേറിട്ട നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചത്. വിജ്ഞാപനത്തില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ഒന്നുമില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിര്‍ദേശം. കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് വിജ്ഞാപനത്തില്‍ നിരോധിച്ചതെന്നും. വീട്ടില്‍ വളര്‍ത്തുന്നവയെ വില്‍ക്കാനോ അറുക്കാനോ വിജ്ഞാപനം തടസ്സമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

വിജ്ഞാപനം കൃത്യമായി വായിക്കാതെയാണ് ആളുകള്‍ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞ കേരള ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിയില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തുിരുന്നു.

കേരള ഹൈക്കോടതിയുടെ നിരീക്ഷണം വന്ന അതേ സമയത്താണ് രാജസ്ഥാനത്തില്‍ നിന്ന് ഗോവധവുമായി ബന്ധപ്പെട്ട മറ്റൊരു നിരീക്ഷണം വന്നത്.

കന്നുകാലികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.

പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കണമെന്നായിരുന്നു ഇതില്‍ പ്രധാന നിരീക്ഷണം. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more