പാവങ്ങളുടെ ദുരിതമറിഞ്ഞ് നികുതി കുറച്ച ഇ.എം.എസിന്റെ നയങ്ങളിലെ തെറ്റ് കണ്ടെത്തുകയാണ് പുതിയ ഇടതുപക്ഷ സൈദ്ധാന്തികര്‍; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് 'കത്തോലിക്കാസഭ'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത ദിനപത്രമായ ‘കത്തോലിക്കാസഭ’. സംസ്ഥാത്തെ സര്‍വമേഖലയിലും ഭരണം കുത്തഴിഞ്ഞുകിടക്കുമ്പോഴും നികുതി കൂട്ടി മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രി വാഹനളുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്നതെന്നും കത്തോലിക്കാസഭയിലെ ലേഖനത്തില്‍ പറയുന്നു.
‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലേക്കോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പരാമര്‍ശങ്ങള്‍.
ജനങ്ങളുടെ ദുരിതം മനസിലാക്കി മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആദ്യമായി നടപടിയെടുത്ത കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇ.എം.എസ്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവപ്പെട്ടവന്റെ ദുരിതം കാണാന്‍ സാധിക്കാത്തത് എന്താണെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
സാധാരണക്കാരന്റെ പ്രതിഷേധം ഭയന്ന് അകമ്പടി വാഹനങ്ങള്‍ക്ക് നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
എല്ലാ മേഖലകളും വിലക്കയറ്റത്താല്‍ കഷ്ടപ്പെടുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് നിര്‍ത്താനുള്ള നടപടികളൊന്നും നടക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ശമ്പളം കുറയ്ക്കാനോ, ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാനോ സര്‍ക്കാരിന്റെ പക്കല്‍ നടപടിയില്ല.
സാധാരണക്കാരനെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാന്‍ അവസരമൊരുക്കുന്നത് കടുത്ത നീതിനിഷേധവും സ്വേച്ഛാധാപത്യ മനോഭാവവുമാണെന്നും ലേഖനം വിമര്‍ശിക്കുന്നു. പാവങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി നികുതി കുറച്ച ഇ.എം.എസിന്റെ നയങ്ങളിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കുകയാണ് പുതിയ ഇടതുപക്ഷ സൈദ്ധാന്തികരെന്നും വിമര്‍ശനമുണ്ട്.