| Saturday, 3rd December 2016, 9:54 am

മോദീ, കള്ളപ്പണത്തിന്റെ എലി എത്ര വലുതായാലും അതിന്റെ പേരില്‍ രാജ്യം ചുടരുത്: ചരിത്രവും ജനങ്ങളും താങ്കള്‍ക്ക് മാപ്പ് തരില്ലെന്ന് കത്തോലിക്കാ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 എന്തുകൊണ്ടാണ് ഇന്ത്യയിലെ 20 ശതമാനമുള്ള കള്ളപ്പണക്കാരുടെ ആസ്തികളും വിദേശ നിക്ഷേപങ്ങളും തൊടാതെ 80 ശതമാനം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും മാത്രം പെരുവഴിയിലാക്കി ശിക്ഷിച്ചെന്നും പത്രം ചോദിക്കുന്നു.


തൃശൂര്‍: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭ ഡിസംബര്‍ ലക്കത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

മോദി സമാധാനം പറയേണ്ട ചില കാര്യങ്ങളുണ്ടെന്ന് മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 85 ശതമാനം കറന്‍സികളും പിന്‍വലിച്ചപ്പോള്‍ അതിനു തുല്യമായ തുക എന്തുകൊണ്ട് ബാങ്കുകളില്‍ മുന്‍കൂറായി എത്തിച്ചില്ലെന്ന ചോദ്യമാണ് കത്തോലിക്കാ സഭ ഉന്നയിക്കുന്നത്.


അരുണ്‍ ജെയ്റ്റ്‌ലിപോലും അവസാന നിമിഷമാണ് മോദിയുടെ നടപടി അറിഞ്ഞതെന്ന വാര്‍ത്ത ശരിയാണോ എന്ന ചോദ്യവും അത് മോഡിയുടെ എകാധിപത്യമാണെന്ന വിമര്‍ശത്തിന് എന്താണ് മറുപടിയെന്നും കത്തോലിക്കാ സഭ ചോദിക്കുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി നാലാഴ്ചയായിട്ടും സാധാരണക്കാരുടെ നരകയാതന തുടരുകയാണ്. രാജ്യനന്മക്ക് കള്ളപ്പണവേട്ട വേണം. അതുസമ്മതിക്കുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യയിലെ 20 ശതമാനമുള്ള കള്ളപ്പണക്കാരുടെ ആസ്തികളും വിദേശ നിക്ഷേപങ്ങളും തൊടാതെ 80 ശതമാനം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും മാത്രം പെരുവഴിയിലാക്കി ശിക്ഷിച്ചെന്നും പത്രം ചോദിക്കുന്നു.

വിജയ് മല്യ ഉള്‍പ്പെടെയുള്ള പ്രമാണിമാരുടെ എത്ര ആയിരം കോടി എഴുതിത്തള്ളി? കറന്‍സികള്‍ അസാധുവാക്കുന്ന കാര്യം അംബാനിയും അദാനിയുമെല്ലാം നേരത്തേ അറിഞ്ഞെന്ന ഭവാനിസിംഗ് എം.എല്‍.എ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. കോടീശ്വരന്മാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തന്നിട്ടും കേന്ദ്രം എന്തുനടപടി സ്വീകരിച്ചു?


Dont Miss നാട്ടുകാര്‍ വരി നിന്ന് മരിക്കുമ്പോള്‍ മോദിയടക്കമുള്ള മന്ത്രിമാര്‍ തങ്ങളുടെ പക്കലുള്ള പണം എന്തു ചെയ്‌തെന്ന ചോദ്യവുമായി വിവരാവകാശ പ്രവര്‍ത്തകന്‍


എ.ടി.എമ്മിനും ബാങ്കിനും മുന്നില്‍ മണിക്കൂറുകള്‍ വരി നിന്നവരൊക്കെ കള്ളപ്പണം മാറാന്‍ വന്നവരാണെന്ന് ചിത്രീകരിച്ച് അവരുടെ വിരലില്‍ മഷി പുരട്ടിയില്ലേ.

കള്ളപ്പണത്തിന്റെ എലി എത്ര വലുതായാലും അതിന്റെ പേരില്‍ രാജ്യം ചുടരുത്. ചരിത്രവും ജനങ്ങളും മോദിക്ക് മാപ്പു തരില്ലെന്നും മുഖപത്രം ഓര്‍മിപ്പിക്കുന്നു.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും ഈ വിഷയത്തില്‍ പല രാഷ്ട്രീയ കക്ഷികളും ജനങ്ങളുടെ ദുരിതത്തില്‍ അവരോടൊപ്പം നിന്നില്ലെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.

അതിലും രാഷ്ട്രീയ ലാഭ നഷ്ടക്കണക്കുകളാണ് അടിസ്ഥാനമാക്കിയത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ജനം സ്വാഗതം ചെയ്തു.

സഹകരണമേഖലയ്‌ക്കെതിരെ കടുത്ത നടപടി മോദി കൈക്കൊണ്ടപ്പോള്‍ എല്‍.ഡി.എഫ് പ്രതികരിച്ചു. എന്നാല്‍ ഗ്രൂപ്പിസത്തില്‍പ്പെട്ട കോണ്‍ഗ്രസിന് അതിനും കഴിഞ്ഞില്ല. യു.ഡി.എഫിലെ ചില ഘടകകക്ഷികളെങ്കിലും അതിനു തയ്യാറായി. പല പത്രങ്ങളും ചാനലുകളും ജനപക്ഷത്ത് നിന്നില്ലെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.

Latest Stories

We use cookies to give you the best possible experience. Learn more