രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം; സർക്കുലർ ഇറക്കി കത്തോലിക്കാ മെത്രാൻ സഭ
Kerala
രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം; സർക്കുലർ ഇറക്കി കത്തോലിക്കാ മെത്രാൻ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 8:43 am

കൊച്ചി: രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് കത്തോലിക്കാ മെത്രാന്‍ സമിതി സര്‍ക്കുലര്‍.

രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാനുള്ള കാര്യങ്ങള്‍ക്കാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേര് നല്‍കിയത്. ക്രൈസ്തവ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഈ സര്‍ക്കുലറില്‍ 32 മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പറയുന്നത്.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കവാടത്തിന്റെ മുന്നില്‍ ഭരണഘടനയുടെ ആമുഖം സ്ഥാപിക്കണമെന്നും സ്‌കൂളുകളിലെ ചടങ്ങുകളില്‍ ഭരണഘടന ആമുഖം വായിക്കണമെന്നും ലൈബ്രറികളിലും സ്‌കൂളുകളിലെ ചുമരുകളിലും സ്വാതന്ത്ര സമരസേനാനികള്‍, കവികള്‍, ദേശീയ നേതാക്കള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് പുതിയ സര്‍ക്കുലറിലെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

ഇതിനുപുറമേ മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ പേരില്‍ ഒരു വിവേചനവും പാടില്ലെന്നും മറ്റു ജാതിയില്‍പ്പെട്ട കുട്ടികളിലേക്ക് ക്രൈസ്തവ മതം അടിച്ചേല്‍പ്പിക്കരുതെന്നും എല്ലാ മതക്കാര്‍ക്കുമായി പൊതുപ്രാര്‍ത്ഥനാലയം വേണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന ആളുകളായിരിക്കണം അധ്യാപകരെന്നും പുതിയ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Content Highlight: Catholica Methran Sabha released a new circular