| Friday, 27th July 2018, 5:31 pm

കുമ്പസാരം നിരോധിക്കണമെന്ന നിര്‍ദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമെന്ന് കാതോലിക ബാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശം തള്ളിപ്പറഞ്ഞ് കാതോലിക്കാ ബാവ. കുമ്പസാരം നിര്‍ത്തലാക്കുന്നത് വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമായേ കാണാനാകൂ എന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഒരു വ്യക്തി ചില വൈദികരുടെമേല്‍ ഉന്നയിച്ചിട്ടുളള കുമ്പസാരം ദുരുപയോഗപ്പെടുത്തി എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണ് സഭയുടെ ആദ്യം മുതലുളള നിലപാട്.


Read:  ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനോടൊപ്പം മുസ്‌ലീം പള്ളികളേയും പരിഗണിക്കണം: ജാമിദ ടീച്ചര്‍


അതിന്റെ പേരില്‍ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല. ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

അതേസമയം, വനിതാ കമ്മീഷന്റെ നിലപാട് സഭയെ അവഹേളിക്കുന്നതാണെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. കമ്മിഷന്റേത് ധാര്‍ഷ്ട്യമാണ്. മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കത്തെ തടയണം. കുമ്പസാരം നിരോധിക്കണമെന്ന നിലപാട് മുന്‍വിധിയോടെയാണ്.

സഭയില്‍ മാനുഷിക തെറ്റുകളുണ്ട്. ഇതിനെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും സൂസപാക്യം വ്യക്തമാക്കി. നേരത്തെ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്രത്തിന്റെ നിലപാടല്ലെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു.


Read:  ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കരുതെന്നും വാഹനം തടയരുതെന്നും ഹൈക്കോടതി


ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവും ഇല്ല. കുമ്പസാരം നിരോധിക്കണം എന്നത് രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കണ്ണന്താനം ദല്‍ഹിയില്‍ വ്യക്തമാക്കി. മതവിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.

We use cookies to give you the best possible experience. Learn more