| Thursday, 23rd February 2023, 5:38 pm

ക്ലാസ്മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം സ്ഥാപിക്കണം; കത്തോലിക്ക സ്‌കൂളിന് നിര്‍ദേശവുമായി ഹിന്ദുത്വവാദികള്‍; സംരക്ഷണം വേണമെന്ന് സ്‌കൂള്‍ അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിക്ക് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാത്തോലിക്ക സ്‌കൂള്‍ അധികൃതര്‍. ഹിന്ദു ദൈവങ്ങളുടെയും ആചാര്യന്മാരുടേയും ചിത്രങ്ങള്‍ ക്ലാസ്മുറികളിലും ഓഫീസിലും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്ത് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തോലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

സ്‌കൂളിന് നേരെ അക്രമസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഗുജറാത്ത് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തോലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സെക്രട്ടറി ഫാദര്‍ ടെലിസ് ഫെര്‍ണാണ്ടസ് പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആവശ്യം ജനാധിപത്യ രാജ്യത്ത് ജീവിക്കെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25 വര്‍ഷത്തില്‍ ഒരിക്കലും സ്ഥാപനത്തിന് നേരെ ഇത്തരം ആക്രമണം നടന്നിട്ടില്ലെന്നും സംഭവം ആസൂത്രിതമാണെന്നും ഫാ. ടെലിസ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 20നായിരുന്നു ബജ്‌റംഗ്ദള്‍ – വിശ്വഹിന്ദു പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തിയത്. സരസ്വതി ഭാരത് മാതാ, ഹനുമാന്‍, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്ലാസ്മുറികളില്‍ പതിപ്പിക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.

രാവിലെ പത്ത് മണിയോടെ എത്തിയ സംഘം വെകീട്ട് അഞ്ചു മണിക്കാണ് പിരിഞ്ഞുപോയതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ഹനുമാന്റെ ചിത്രം നശിപ്പിച്ചെന്നും ഇതിന് പകരം ചോദിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതായും യൂണിയന്‍ ഓഫ് കത്തോലിക് ഏഷ്യാ ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അത്തരത്തില്‍ ഹനുമാന്റെ ചിത്രം സ്‌കൂളിലില്ലെന്നും നശിപ്പിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ വിഭാഗം രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ജന്തര്‍ മന്ദറിലായിരുന്നു സംഘം പ്രതിഷേധ പ്രകടനം നടത്തിയത്.

ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ നിര്‍ബന്ധപൂര്‍വം പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Content Highlight: Catholic school seeks protection from police as hindutva group threatens

We use cookies to give you the best possible experience. Learn more