ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് കര്‍ദിനാള്‍മാര്‍
Kerala News
ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് കര്‍ദിനാള്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 8:40 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വളരെ സൗഹാര്‍ദപരമായിരുന്നെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്മാര്‍. ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയെ തൊട്ടുകൂടാത്തതായി കണക്കാക്കിയാല്‍ ക്രൈസ്തവ സഭകളുടെ അടിസ്ഥാന പ്രമാണത്തില്‍ നിന്നുള്ള മാറ്റമായിരിക്കും അതെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സൗഹാര്‍ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ക്രിയാത്മക ചര്‍ച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷന്‍മാര്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചതായി ഇവര്‍ അറിയിച്ചു. കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

നേരത്തേ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്നതിനായി സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയുമാണ് മോദി ചുമതലപ്പെടുത്തിയത്.

കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം യാക്കോബായ പ്രതിനിധികള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ കേന്ദ്രതലത്തില്‍ ബി.ജെ.പി ഇടപെടുന്നത് കേരളത്തില്‍ ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Catholic Sabha BJP