പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ പുരോഹിതര്‍ വര്‍ഷങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ രാജ്യത്ത് നിലനില്‍ക്കെ, പ്രായശ്ചിത്തമെന്നോണം ലൂര്‍ദ് ദേവാലയത്തില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ച് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍.
കാലങ്ങളായി സഭയ്ക്കുള്ളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ ബിഷപ്പുമാര്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണിത്. ശനിയാഴ്ചയായിരുന്നു കത്തോലിക്ക സഭയിലെ പുരോഹിതര്‍ ക്രിസ്ത്യാനികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചത്.
എന്നാല്‍ നടന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനും സഭയുടെ സമഗ്രമായ പരിഷ്‌കരണത്തിനും വേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു പീഡനത്തെ അതിജീവിച്ചവരും അവരെ പിന്തുണയ്ക്കുന്നവരും പ്രതികരിച്ചത്.
പുരോഹിതര്‍ മതപരമായ വസ്ത്രം ആയിരുന്നില്ല ചടങ്ങില്‍ ധരിച്ചിരുന്നത്.
എന്നാല്‍ ലൈംഗിക പീഡനം നേരിട്ട പലരും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തന്റെ ചെറുപ്പത്തില്‍ മറ്റൊരു പുരോഹിതനില്‍ നിന്നും പീഡനം നേരിടേണ്ടി വന്ന ഫാദര്‍ ജീന്‍ മാരി ഡെല്‍ബോസ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
കുറ്റം ചെയ്ത പുരോഹിതരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. 1950നും 2020നും ഇടയിലായാണ് കുട്ടികളെ ചൂഷണത്തിനിരയാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ 3000 പുരോഹിതര്‍ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റാളുകളും കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.
പുരോഹിതരുടെ പ്രവര്‍ത്തി നാണക്കേടുണ്ടാക്കിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നു. സംഭവം തനിക്കും സഭയ്ക്കും നാണക്കേടുണ്ടാക്കി എന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഇരകളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.