ഇംഫാല്‍: മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷത്തെ അപലപിച്ച് കത്തോലിക് ബിഷപ്പ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ. മണിപ്പൂരില്‍ ക്രിസ്ത്യന്‍സിനെതിരെ നടന്ന ആക്രമണത്തില്‍ അതീവ ദുഖമുണ്ടെന്ന് സി.ബി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി എല്ലാ ഇടവകകളും മതസ്ഥാപനങ്ങളും ഇടപെടണമെന്നും ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തണമെന്നും സി.ബി.സി.ഐ ആവശ്യപ്പെടുന്നു.
സംഘര്‍ഷത്തിനിടെ നിരവധി പള്ളികള്‍ തകര്‍ക്കപ്പെട്ടു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാവുകയും ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരുകയും ചെയ്തുവെന്ന് സി.ബി.സി.ഐ പറഞ്ഞു. കുകി വിഭാഗത്തിന്റെ പ്രതിഷേധത്തിനെതിരെ മെയ്തി വിഭാഗം നടത്തിയ ആക്രമണത്തില്‍ കുകി യുദ്ധ സ്മാരകം കത്തിക്കപ്പെട്ടു. പൊലീസ് സംഭവത്തില്‍ ഇടപ്പെട്ടത് വൈകിയാണെന്നും സി.ബി.സി.ഐ വിമര്‍ശിച്ചു.
സൈന്യവും കേന്ദ്ര സായുധ പൊലീസ് സേനയും നിയന്ത്രണവിധേയമാക്കിയെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹെല്‍പ് ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്, ആളുകളെ, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായുളള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.