ന്യൂദല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും നീതിയും സ്വാതന്ത്ര്യവും സമത്വവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കണമെന്നും പുതിയ എന്‍.ഡി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് ബോഡി.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഭരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്.
‘നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ, വൈവിധ്യമാര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കേണ്ടതും അത് നടപ്പിലാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്’, കാത്തലിക് ബോഡി പറഞ്ഞു.
ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും സി.ബി.സി.ഐ ഉയര്‍ത്തിക്കാട്ടി.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. അതിന് വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദുര്‍ബലരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുകയും സുതാര്യതയോടെയും പ്രതിജ്ഞാബദ്ധതയോടെയും നിലകൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ഈ അടിസ്ഥാന തത്വങ്ങളോട് പ്രതിജ്ഞാബദ്ധമായി പെരുമാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിച്ച് അവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതുണ്ട്. ജാതി-മത-വര്‍ഗ-വര്‍ണ ഭേദമന്യേ ജനങ്ങളെ ഒരുപോലെ കാണാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും സര്‍ക്കാരിന് സാധിക്കേണ്ടതുണ്ടെന്നും ബിഷപ്പ് കൗണ്‍സില്‍ പറഞ്ഞു. രാജ്യത്തിന്റെ കൂട്ടായ നന്മയ്ക്കായി രാഷ്ട്രീയനേതാക്കള്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നെന്നും യോഗം പറഞ്ഞു.
2011 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ നാലിരട്ടി വര്‍ധിച്ചതായി ക്രിസ്ത്യന്‍ സിവില്‍ സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ വിവിധ സഭകള്‍ കടുത്ത ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.
Content Highlight: Catholic Bishops Body Asks New NDA Government to Ensure Inclusive Governance