താരങ്ങള്‍ക്കുള്ള പാത്രം കഴുകുന്നത് വാഷ്‌റൂമിലെ വെള്ളത്തില്‍; ഇന്ത്യയിലെ ന്യൂസിലാന്‍ഡ്-അഫ്ഗാന്‍ മത്സരം വിവാദത്തില്‍
Sports News
താരങ്ങള്‍ക്കുള്ള പാത്രം കഴുകുന്നത് വാഷ്‌റൂമിലെ വെള്ളത്തില്‍; ഇന്ത്യയിലെ ന്യൂസിലാന്‍ഡ്-അഫ്ഗാന്‍ മത്സരം വിവാദത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 3:21 pm

ഇന്ത്യ വേദിയാകുന്ന ന്യൂസിലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരം വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. അഫ്ഗാന്റെ ഹോം മത്സരം എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരം മഴയും ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പവും കാരണം അനന്തമായി നീളുകയാണ്. ഫാന്‍ ഉപയോഗിച്ചും മറ്റും ഔട്ട് ഫീല്‍ഡ് ഉണക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ്.

എന്നാലിപ്പോള്‍ മറ്റൊരു വിവാദത്തിന് കൂടി മത്സരം വഴിവെച്ചിരിക്കുകയാണ്. താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്റേഴ്‌സ് ബാത്‌റൂമിലെ വെള്ളമുപയോഗിച്ച് ഭക്ഷണത്തിനുള്ള പാത്രങ്ങള്‍ കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോെടയാണ് വിവാദം ഉടലെടുത്തത്.

ഷഹീദ് വിജയ് സിങ് പാഥിക് സ്റ്റേഡിയത്തിന്റെ ബാത്‌റൂമില്‍ നിന്നുമാണ് കാറ്ററിങ് ടീം പാത്രങ്ങള്‍ കഴുകുന്നത്. മത്സരത്തിന്റെ മോശം നടത്തിപ്പിനെ കുറിച്ച് നേരത്തെ പരാതികളും ഉയര്‍ന്നിരുന്നു.

ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഗ്രേറ്റര്‍ നോയ്ഡയില്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇനി ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ താത്പര്യമില്ലെന്ന് ഒരു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രേറ്റര്‍ നോയ്ഡയ്ക്ക് പകരം ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റി തങ്ങളുടെ ഹോം സ്‌റ്റേഡിയമായി ഉപയോഗിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇവിടെ ഒരു തരത്തിലുമുള്ള സൗകര്യങ്ങളുമില്ല. ഇവിടേയ്ക്ക് ഞങ്ങള്‍ ഇനിയൊരിക്കലും വരില്ല. ഞങ്ങള്‍ ലഖ്‌നൗവിന് (എകാന സ്‌റ്റേഡിയം) ആയിരിക്കും മുന്‍ഗണന നല്‍കുക.

ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ഇവിടെ തെറ്റായ രീതിയിലാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിട്ടുള്ളത്. ട്രെയ്‌നിങ്ങിനായുള്ള സൗകര്യങ്ങള്‍ അടക്കം ഇല്ലാത്തതില്‍ താരങ്ങളും അതൃപ്തരാണ്,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Caterers use water from washroom to wash utensils during Afghanistan vs New Zealand one off test