ബാഴ്‌സലോണ: കാറ്റലോണിന്റെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള ശ്രമം സ്‌പെയിന്‍ തുടരുന്നതിനിടെ കാറ്റലോണിയ പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
കറ്റാലന്‍ പാര്‍ലമെന്റിലെ 82 അംഗങ്ങളില്‍ 70 പേരും പ്രമേയത്തെ അംഗീകരിച്ചു. രാജ്യങ്ങള്‍ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പ്രതിപക്ഷം വിട്ടുനിന്നു.
എന്നാല്‍ പ്രഖ്യാപനത്തിന് നിയമസാധുത ഇല്ലെന്ന് സ്‌പെയിന്‍ അവകാശപ്പെട്ടു. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് അഭ്യര്‍ത്ഥിച്ചു. ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെയനിലെ ഏറ്റവും സമ്പന്നമായ കാറ്റലോണില്‍ 75 ലക്ഷത്തോളം ജനങ്ങളുണ്ട്. നേരത്തെ നടന്ന ഹിതപരിശോധനാഫലത്തില്‍ കാറ്റലോണിയക്ക് പുറത്തുപോകാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഫലം സ്‌പെയിന്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുന്ന നടപടിയായിരുന്നു കൈക്കൊണ്ടത്.
കടുത്ത നടപടികളുമായി രംഗത്തെത്തിയ സ്‌പെയിന്‍ ഭരണകൂടം, കാറ്റലോണിയയിലെ വാര്‍ത്താവിതരണ വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഹിതപരിശോധന നടത്താതിരിക്കാനായി പോളിങ് ബൂത്തുകളും സ്‌കൂളുകളും പോലീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു.