ഹവാന: ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ക്യൂബയില്‍ കഴിയുന്ന വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ നില മെച്ചപ്പെടുന്നുവെന്ന് മുന്‍ ക്യൂബന്‍ നേതാവായ ഫിഡല്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടു.[]
ഷാവേസിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരേണ്ടത് ലാറ്റിന്‍ അമേരിക്കയ്ക്കും വെനസ്വേലയ്ക്കും വളരെ പ്രധാനമാണെന്നും ഫിഡല്‍ കാസ്‌ട്രോ പറഞ്ഞു.
ചാവേസിന്റെ ദിനംപ്രതിയുള്ള ആരോഗ്യ പുരോഗതി ഡോക്ടര്‍മാര്‍ തന്നെ അറിയിക്കുന്നുണ്ടെന്നും കാസ്‌ട്രോ വ്യക്തമാക്കി. ഡിസംബര്‍ 11നാണ് ചാവേസിനെ നാലമത്തെ ശസ്ത്രക്രിയയ്ക്കായി ഹവാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ രക്തസ്രാവമാണ് ഷാവേസിന്റെ നില വഷളാക്കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പെല്‍വിക് ക്യാന്‍സറാണ് ഷാവേസിനെ ബാധിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് മൂന്ന് തവണ ശസ്ത്രക്രിയയ്ക്കും നാല് വട്ടം കീമോ തറാപ്പിക്കും ഷാവേസ് വിധേയനായിട്ടുണ്ട്. ഭേദമായെന്ന് കരുതിയ രോഗം വീണ്ടും തിരിച്ചെത്തിയതോടെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് ഷാവേസ് ചികിത്സയ്ക്കായി ക്യൂബയിലേക്ക് തിരിച്ചത്.
ഷാവേസിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വെനസ്വേലന്‍ ജനത. ജനുവരി പത്തിന് രോഗത്തില്‍ നിന്ന് മുക്തനായി വീണ്ടും അധികാരത്തില്‍ ഷാവേസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.