| Thursday, 15th November 2018, 12:53 pm

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, ഭക്ഷണം മലിനപ്പെടുത്തി: മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കഴിക്കാന്‍ കൊണ്ടു വന്ന ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

മാത്യു ടി തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസിന്റേതാണ് നടപടി.

മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഉഷാ രാജേന്ദ്രന്റെ പരാതിയില്‍ മന്ത്രിയുടെ ഭാര്യയടക്കമുള്ളവര്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ജില്ല സെഷന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. ജീവനക്കാരെ മന്ത്രിയുടെ ഭാര്യ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നും കള്ള പരാതി പൊലീസില്‍ നല്‍കിയെന്നുമാണ് ഉഷ പരാതി നല്‍കിയിരുന്നത്. കന്റോണ്‍മെന്റ് എ.സിക്കായിരുന്നു അന്വേഷണ ചുമതല.

We use cookies to give you the best possible experience. Learn more