ന്യൂദൽഹി: ജാതി സെൻസെസിനെ എതിർത്തും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അനുകൂലിച്ചും ആർ.എസ്.എസ് വാരിക പാഞ്ചജന്യം. ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുന്നത് ജാതിവ്യവസ്ഥയാണെന്നും അത് തകർക്കാനാണ് കോൺഗ്രസ് ജാതി സെൻസെസ് നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും ലേഖനത്തിലൂടെ ആർ.എസ്.എസ് പറഞ്ഞു. പാഞ്ചജന്യം എഡിറ്റർ ഹിതേഷ് ശങ്കറിന്റേതാണ് ലേഖനം.
അടുത്തിടെ സമാപിച്ച ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജാതിയെക്കുറിച്ച് ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ ചോദിച്ചിരുന്നു. തുടർന്ന് ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് പാഞ്ചജന്യത്തിന്റെ ലേഖനം.
‘ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ചതിന് ശേഷം ഒരുമിച്ച് നിർത്തുന്ന ഒരു ശൃംഖലയായിരുന്നു ജാതി വ്യവസ്ഥ. വ്യാവസായിക വിപ്ലവത്തെത്തുടർന്ന്, മുതലാളിമാർ ജാതി വ്യവസ്ഥയെ ഇന്ത്യയുടെ കാവൽക്കാരായാണ് കണ്ടത്,’ വാരികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൻ നെഹ്‌റുവിനെ അപമാനിക്കുന്ന തലക്കെട്ടോടെയാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. ഏ നേതാജി! കൗൻ ജാത് ഹോ?'(ഹേ നേതാജി നിങ്ങൾ ഏത് ജാതിയാണ് ) എന്ന തലക്കെട്ടിലാണ് ലേഖനം പുറത്ത് വന്നത്.
ജാതിവ്യവസ്ഥയാണ് ഹിന്ദുസമൂഹത്തിന്റെ അടിത്തറയെന്നും വൈദഗ്‌ദ്യം കൈമാറ്റം ചെയ്യപ്പെടുന്നത് ജാതിയിലൂടെയാണെന്നുമുള്ള പിന്തിരിപ്പൻ ന്യായങ്ങൾ നിറഞ്ഞതാണ് ലേഖനം.
ജാതി വ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമാണെന്നും മുഗളന്മാർക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ലേഖനത്തിൽ പറയുന്നു. ബ്രിട്ടീഷുകാരാകട്ടെ ജാതിവ്യവസ്ഥയെ അധിനിവേശത്തിനുള്ള മാർഗമായാണ് കണ്ടതെന്നും ലേഖനം പറയുന്നു.
ഹിന്ദുസമൂഹത്തിന്റെ ജാതിവ്യവസ്ഥ സമൂഹത്തിൽ എന്നും ആക്രമിക്കപ്പെട്ടെന്നും സേവനത്തിന്റെയും പരിഷ്കരണത്തിന്റെയും മറവിൽ പലരും അതിനെ ലക്ഷ്യമിട്ടെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.
മുഗളന്മാർ വാളിനാലും ക്രിസ്ത്യൻ മിഷനറിമാർ സഹായത്തിന്റെയും സേവനത്തിന്റെയും മറവിലൂടെയും ജാതിവ്യവസ്ഥയെ എതിർക്കാൻ ശ്രമിച്ചുവെന്നും ഒപ്പം ജാതി ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുമെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിൽ ഇന്നും ദളിത് വിഭാഗങ്ങൾ ആക്രമണത്തിനിരയാകുന്നുണ്ട് . എൻ.സി.ആർ.ബി റിപ്പോർട്ട് പറയുന്നതനുസരിച്ച് 2020 ൽ 50 ,291 കേസുകളാണ് ദളിത് വിഭാഗത്തിന് എതിരെയുള്ള അതിക്രമങ്ങളിൽ ഉണ്ടായത്. 2022 ആയപ്പോൾ അത് 1.2 ശതമാനം വർധിക്കുകയാണുണ്ടായത്.
Content Highlight: ‘Caste system a unifying factor in India which Mughals couldn’t understand,’ says RSS-linked weekly Panchjanya