ന്യൂദല്‍ഹി: മതം മാറിയ ദളിതര്‍ക്ക് പട്ടിക ജാതി സംവരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ കമ്മീഷന്‍. മുസ്‌ലിം – ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാനാകുമോയെന്നത് പരിശോധിക്കാനാണ് കേന്ദ്രം കമ്മീഷനെ നിയോഗിച്ചത്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. യു.ജി.സി അംഗമായ സുഷമ യാദവ്, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ രവീന്ദര്‍ കുമാര്‍ ജെയ്ന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ക്രിസ്ത്യന്‍-മുസ്‌ലിം മതങ്ങളിലേക്ക് മാറിയ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരുടെ ഇന്നത്തെ ജീവിതാവസ്ഥ, ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്തവരെ ഉള്‍പ്പെടുത്താനാകുമോ എന്നതൊക്കെ കമ്മീഷന്‍ പഠിക്കും.
ആചാരം, സാമൂഹിക-സംസ്‌കാരിക സ്ഥിതി, വിവേചനം, മത പരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടിക ജാതിയില്‍ സംവരണം നല്‍കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഫലനം എന്നിവയും കമ്മിറ്റി പഠിക്കും.
പട്ടിക വിഭാഗത്തിലേക്ക് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നും കമ്മീഷന്‍ പരിശോധിക്കും. പുതിയ സമുദായങ്ങളെ ചേര്‍ക്കുന്നത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളെ ബാധിക്കുമോ എന്നതും കമ്മീഷന്റെ പരിഗണനയിലുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ദളിത് വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍-മുസ്‌ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യം തേടിയുള്ള ഹരജിയില്‍ നേരത്തെ കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതി തേടിയിരുന്നു.
നേരത്തെ, മതം മാറിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
സാമൂഹികമായി വളരെയധികം ചലനങ്ങള്‍ സൃഷ്ടിക്കുന്ന വിഷയമാണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്തൊക്കെ ചലനങ്ങള്‍ ഉണ്ടായാലും കേസില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതുണ്ടെന്നാണ് സുപ്രീം കോടതി അന്ന് ചൂണ്ടിക്കാണിച്ചത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദേശം.
പത്ത് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹരജി ഇതുവരെ പരിഗണിക്കാതിരുന്നതിന് കാരണം ഇതുമൂലം സംഭവിക്കാവുന്ന് സാമൂഹിക പ്രതിസന്ധികള്‍ പരിഗണിച്ച് ആകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നിലവില്‍ ഹിന്ദു, സിഖ്, ബുദ്ധ മതക്കാരായ ദളിതര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടനയില്‍ നിര്‍ദേശമുള്ളത്. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് ഇപ്പോള്‍ സംവരണത്തിന്റെ ആനുകൂല്യം നല്‍കാന്‍ ഭരണഘടന വ്യവസ്ഥയില്ല.
Content Highlight: Caste reservation for converted Dalits; third-member commission to study