ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് നല്ലതല്ല: നരേന്ദ്ര മോദിക്കെതിരെ സച്ചിൻ പൈലറ്റ്
national news
ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് നല്ലതല്ല: നരേന്ദ്ര മോദിക്കെതിരെ സച്ചിൻ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 10:42 pm

ഉദയ്പൂർ: ഉത്തരം മുട്ടുമ്പോഴും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ല എന്ന് തോന്നുമ്പോഴും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പി ജാതി-മത രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്‌ നേതാവ് സച്ചിൻ പൈലറ്റ്.

ജാതി രാഷ്ട്രീയം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും അടുത്ത തലമുറക്ക് നല്ല മാതൃക സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

‘രാജസ്ഥാനിൽ എട്ട് കോടി ആളുകൾ ജീവിക്കുന്നു. ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ എല്ലാവർക്കും പിന്തുണ ലഭിക്കും, അത് കർഷകരോ യുവാക്കളോ മുന്നാക്ക വിഭാഗമോ പിന്നാക്ക വിഭാഗമോ ആകട്ടെ.

എനിക്ക് തോന്നുന്നത് ജാതി രാഷ്ട്രീയം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ല എന്നാണ്. അടുത്ത തലമുറക്ക് നമ്മൾ മികച്ച മാതൃക കാണിച്ചുകൊടുക്കേണ്ടതുണ്ട്,’ സച്ചിൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചർച്ചകൾ വികസന വിഷയങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സച്ചിൻ പൈലറ്റിന്റെ വീഡിയോ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പങ്കുവെച്ചിരുന്നു. ഇരുവർക്കുമിടയിൽ തർക്കങ്ങൾ നടക്കുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നത്.

നവംബർ 25നാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

CONTENT HIGHLIGHT: ‘Caste politics not a healthy sign for a democracy’: Sachin Pilot