| Sunday, 15th September 2024, 11:36 am

സോഷ്യല്‍ മീഡിയയിൽ ജാതിപ്പേര് വിളിച്ചു; മീനങ്ങാടിയില്‍ യുവാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീനങ്ങാടി: സോഷ്യല്‍ മീഡിയയിൽ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സമൂഹ മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് വടക്കനാട് കിടങ്ങാനാട് ടി.കെ. വിപിന്‍ കുമാര്‍ (35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് വിപിന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ സിജു സി. മീന രചിച്ച വല്ലി എന്ന കവിത കാലിക്കറ്റ് സര്‍വകലാശാല പി.ജി മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. പണിയ ഭാഷയില്‍ രചിച്ച കവിതയാണ് വല്ലി. ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടിന് താഴെ ജാതിപ്പേര് കമന്റായിട്ട് യുവാവ് ജാതീയമായി പരാതിക്കാരനെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.

മീനങ്ങാടി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിപിന്‍ കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് കമന്റ് വന്നിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നലെ വിപിന്റെ ഫോണും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി.

Content Highlight: Caste name calling through social media; Youth arrested in Meenangadi

We use cookies to give you the best possible experience. Learn more