എത്ര കഴുകിയാലും പോകാത്ത അരിയിലെ കല്ല് പോലെയാണ് ജാതിയെന്നും അത് കഴുകിക്കളയുക തന്നെ വേണമെന്നും ഗാനരചയിതാവും സംവിധായകനുമായ ബി.കെ. ഹരിനാരായണന്‍. ജാതി ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും പുതിയ കുട്ടികളിലാണ് തനിക്ക് പ്രതീക്ഷയുള്ളതെന്നും അദ്ദേഹം പറയുന്നു.
സംവരണമെന്നത് സാമ്പത്തിക നേട്ടത്തിനുള്ള കാര്യമല്ലെന്നും അത് അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന് കൈപിടിച്ചുയര്‍ന്ന് വരാനുള്ള മാര്‍ഗമാണെന്നും ഹരിനാരായണന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ നമ്മുടെ സമൂഹത്തില്‍ ജാതിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിലുമുണ്ട്. ഉണങ്ങല്ലരി എത്ര കഴുകിയാലും പിന്നെയും അതില്‍ കല്ല് കിടക്കും. ആ കല്ല് പോലെ നമ്മളിലൊക്കെ ജാതിയുണ്ട്. അത് കഴുകിക്കളയുകതന്നെ വേണം. എന്തിനാണിവിടെ സംവരണമെന്ന് ദിനു വെയില്‍ പറഞ്ഞ ഒരു വീഡിയോ ഉണ്ട്. അത് ഏതൊരു മനുഷ്യനും കേള്‍ക്കേണ്ടതാണ്. അത് നമ്മള്‍ കേള്‍ക്കണം. സാമ്പത്തികത്തിന് വേണ്ടിയല്ല സംവരണം. അടിച്ചമര്‍ത്തപ്പെട്ടൊരു സമൂഹത്തിന് കൈപിടിച്ചുയര്‍ന്നു വരാന്‍ വേണ്ടിയാണ്.
1934ലാണ് ഒറ്റപ്പാലത്ത് ഉപ്പിനെ ഉപ്പ് എന്ന് പറഞ്ഞതിന് ഒരു ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന് ചെളിയില്‍ താഴ്ത്തിയത്. ഉപ്പിന് പുളിഞ്ചാടന്‍ എന്നേ ഒരു സമൂഹത്തിന് അന്ന് പറയാന്‍ പാടുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിന് പണം നല്‍കുകയും വേണം. ആ പണം കൈയില്‍ നല്‍കാനും പാടില്ല. അവിടെ വെക്കണം, എന്നിട്ട് കാത്ത് നില്‍ക്കുകയാണ്. കടക്കാരന്‍ അദ്ദേഹത്തിന് സന്‍മനസ് തോന്നിയാന്‍ ഈ പണമെടുത്തിട്ട് ഉപ്പ് നല്‍കും. അപ്പോഴും പുളിഞ്ചാടന്‍ എന്നേ പറയാവൂ. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട് ഇക്കാര്യം.
ആ തരത്തില്‍ ജാതി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് എനിക്ക് ഇപ്പോഴും തോന്നിയിട്ടുണ്ട്. അത് ഉരിഞ്ഞുകളയണം. എനിക്ക് പുതിയ കുട്ടികളില്‍ വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു തടസങ്ങളുമില്ല. അത് വലിയൊരു അഡ്വാന്റേജായി നമ്മള്‍ കാണണം.
ജെന്ററിന്റെ കാര്യത്തിലുള്‍പ്പടെ അമേരിക്കയില്‍ ട്രംപിന്റെ വാക്കുകളൊക്കെ കേള്‍ക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ എല്ലാ സമൂഹത്തെയും എല്ലാ മനുഷ്യരെയും മനുഷ്യരായി കാണാന്‍ നമ്മളേക്കാള്‍ കൂടുതല്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്. അത്തരം കാര്യങ്ങളില്‍ പുതിയ കുട്ടികള്‍ എന്നെ പഠിപ്പിക്കുന്നുണ്ട്,’ ബി.കെ. ഹരിനാരായണന്‍ പറഞ്ഞു.
content highlights: Caste in society is like a stone in rice which does not go away no matter how much it is washed, it must be washed away, hope lies in new children: B.K. Harinarayan