|

ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിച്ചു; തിരുവണ്ണാമലയിൽ പട്ടികജാതി കർഷകരുടെ വിളകൾ നശിപ്പിച്ച് 'ഉയർന്ന ജാതിക്കാർ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ പട്ടികജാതി കർഷകരുടെ വിളകൾ ‘ഉയർന്ന ജാതിക്കാർ’ നശിപ്പിക്കുന്നതായി പരാതി. തിരുവണ്ണാമലൈ ജില്ലയിലെ അരുങ്ഗുണം ഗ്രാമത്തിലാണ് സംഭവം. ഹിന്ദു സമുദായത്തിലെ ഉയർന്ന വിഭാഗക്കാരെന്ന് അവകാശപ്പെടുന്നവർ ഫെബ്രുവരി 11ന് ഡ്രോണുകൾ ഉപയോഗിച്ച് പട്ടികജാതി വിഭാഗക്കാരുടെ കൃഷിയിടങ്ങളിൽ കളനാശിനി തളിക്കുകയായിരുന്നു.

ഏഴ് ഏക്കർ പഞ്ചമി ഭൂമിയിൽ പട്ടികജാതി (എസ്.സി ) കർഷകർ കൃഷി ചെയ്ത വിളകൾ നശിപ്പിക്കപ്പെട്ടു. കർഷകർ കൃഷിയിടത്തിൽ ഉഴുന്ന്, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു.

സംഭവത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം തിങ്കളാഴ്ച (ഫെബ്രുവരി 17, 2025) പൊലീസിൽ പരാതി നൽകിയെങ്കിലും റവന്യൂ രേഖകളിൽ ഭൂമി ‘ഉന്നത ജാതിക്കാരായ’ ഹിന്ദുക്കളുടെ പേരിലാണെന്ന് കാണിച്ചിരിക്കുന്നതിനാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ തിരുവണ്ണാമല പൊലീസ് സൂപ്രണ്ടിന് ഒരു പരാതി നൽകി,’ അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് പട്ടികജാതിക്കാർക്ക് ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് 2024 സെപ്റ്റംബറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തിന് ശേഷം പട്ടികജാതി കർഷകർക്ക് ഭൂമി ലഭിച്ചുവെന്നും അന്ന് അവിടെ റവന്യൂ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നുവെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി കെ. സാമുവൽ രാജ് പറഞ്ഞു. ഇത് വഴി കഴിഞ്ഞ വർഷം ഏഴ് ഏക്കർ പട്ടികജാതി കർഷകർക്ക് നൽകിയിരുന്നു.

വിളകൾ നശിപ്പിച്ചതിന് പരാതി നൽകിയ സുകുമാർ ഭൂമി തന്റെ മുത്തച്ഛന്‍റെ ഉടമസ്ഥതയിലുള്ളതാനെന്നും എന്നാൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ അത് കൈവശപ്പെടുത്തുകയായിരുന്നെന്നും പറഞ്ഞു. കൃഷിക്കാവശ്യമായ ജലസേചനം നടത്താൻ തുടങ്ങിയപ്പോൾ തന്നെ മേൽജാതിക്കാർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കർഷകർ പറഞ്ഞു.

‘ഞാൻ ഉഴുന്നും എള്ളും നട്ടു. വെള്ളമില്ലാതെ വിള വാടാൻ തുടങ്ങിയപ്പോൾ, മീസനല്ലൂരിലെ എന്റെ സുഹൃത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഞാൻ ഒരു ഡീസൽ എഞ്ചിൻ വാങ്ങി. ഇന്ധനം തീർന്നതിനാൽ ഒരു ദിവസം എഞ്ചിൻ ഓഫായി. എഞ്ചിൻ വയലിൽ വച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ, രണ്ട് ‘ഉയർന്ന ‘ ജാതിക്കാർ എന്നെ തടഞ്ഞു. അവർ എന്നെ അസഭ്യം പറയുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ സുകുമാർപറഞ്ഞു.

പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷം, തന്നെ ഭീഷണിപ്പെടുത്തിയവർ ഡ്രോണുകളുടെ സഹായത്തോടെ കളനാശിനി തളിക്കുകയും തന്റെ വിളകൾ പൂർണമായും നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചമി ഭൂമിയുടെ രേഖകൾ പട്ടികജാതിക്കാർക്ക് തിരികെ നൽകുന്നതിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പരാജയം ഒരു പ്രശ്നമായി തുടരുന്നുവെന്നും ‘ഉയർന്ന’ ജാതിക്കാരെ പട്ടികജാതിക്കാരുടെ ഭൂമി സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ഷൺമുഖം പ്രതികരിച്ചു.

Content Highlight: Caste Hindus destroy crops raised by SC farmers in Tiruvannamalai