ചെന്നൈ: ജാതി തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട തമിഴ്നാട്ടിലെ മേല്പ്പതി ശ്രീ ധര്‍മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ദളിതരും ഹിന്ദുമതത്തിലെ വിവിധ മുന്നോക്ക ജാതിയില്‍പെട്ടവരും തമ്മിലുള്ള സംഘര്‍ത്തെ തുടര്‍ന്ന് പ്രസ്തുത ക്ഷേത്രത്തില്‍ വിശ്വാസികളെ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ജി.കെ. ഇളന്തരയ്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആരെങ്കിലും ക്ഷേത്രത്തെ ചൊല്ലി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കാനും അദ്ദേഹം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ക്ഷേത്രം പൂജയ്ക്കും ആരാധനയ്ക്കുമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എസ്.രാജി, ജി.ഗാന്ധി എന്നിവരാണ് ആരാധന അനുവദിക്കണമെന്ന് കാണിച്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇടക്കാല ഉത്തരവ് പ്രകാരം എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ഏഴ് മണിവരെ ക്ഷേത്രം പൂജക്കായി തുറന്നുകൊടുക്കാറുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കെ.എം.ഡി മുഹിലന് പറഞ്ഞു.
ദൈനംദിന പൂജകള്‍ നടത്താതെ ക്ഷേത്രം അടച്ചിടുന്നത് ദൈവകോപത്തിന് കാരണമാകുമെന്നും ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഏത് ജാതിയില്‍ പെട്ടവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയ കോടതി ഉത്തരവ് യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും വൈകിയ നീതിയാണെന്നും പ്രദേശത്തെ ദളിത് വിഭാഗത്തില്‍പെട്ടവര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കോടതി ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും കോടതിയോ സര്‍ക്കാരോ രക്ഷിക്കുമെന്ന് കരുതി നമുക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഹിന്ദു മതത്തില്‍പെട്ട വിവിധ മുന്നോക്ക ജാതിക്കാര്‍ ചേര്‍ന്ന് തങ്ങളെ കൂട്ടമായി അപമാനിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.
2023 ജൂണ്‍ 7 മുതല്‍ ക്ഷേത്രത്തില്‍ പ്രവേശനം നിരോധിച്ചിരുന്നു. വാര്‍ഷിക ഉത്സവത്തിനിടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് ദളിതരെ ഹിന്ദുമതത്തിലെ വിവിധ മുന്നോക്ക ജാതിയില്‍പെട്ട ആളുകള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം അടച്ചിട്ടത്. ക്ഷേത്രം സീല്‍ ചെയ്യാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പിന്നാലെ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൂജാരിമാര്‍ക്ക് മാത്രം ക്ഷേത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു.
2024 മാര്‍ച്ച് 18നും ജസ്റ്റിസ് എന്‍ ആനന്ദ വെങ്കിടേഷ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭക്തരെ അകത്ത് കയറ്റാതെ പുരോഹിതന് മാത്രം പൂജകള്‍ നടത്താമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുരോഹിതനല്ലാതെ മറ്റാരും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും ജസ്റ്റിസ് അന്ന് ഉത്തരവിട്ടിരുന്നു.
Content Highlight: caste dispute; Sealed Melapati temple should be opened for worship: Madras High Court