തിരുവനന്തപുരം: പ്രളയദുരിതം അനുഭവിച്ച പട്ടിക ജാതി, പട്ടിക വര്‍ഗ, ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ആളുകള്‍ക്ക് പ്രളയാനന്തര പുനര്‍നിര്‍മാണ സഹായങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനമെന്ന് പഠന റിപ്പോര്‍ട്ട്. പ്രളയ സമയത്ത് ക്യാമ്പുകളില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പേരില്‍ പോലും ജാതി വിവേചനം ഉണ്ടായിരുന്നെന്നും, ക്യാമ്പുകള്‍ കൃത്യമായ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്നതായും റിപ്പോട്ടില്‍ പറയുന്നു. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന് സംഘടനയും നാഷണല്‍ ദളിത് വാച്ചും ചേര്‍ന്ന് നടത്തിയ ഫാക്ട് ഷീറ്റ് എന്ന പഠനത്തിലാണ് ഒ.ബി.സി, ജനറല്‍ വിഭാഗങ്ങളെ അപേക്ഷിച്ച് ദളിത്, ആദിവാസി വിഭാഗങ്ങള്‍ വിവേചനം നേരിടേണ്ടി വരുന്നെന്ന് കണ്ടെത്തിയത്.
പ്രളയ ബാധിതര്‍ക്ക് ലഭിക്കേണ്ടിയിരുന്നു അടിയന്തര സാമ്പത്തിക സഹായമായ 10,000 രൂപ ലഭിച്ച ആദിവാസി, ദളിത് വിഭാഗത്തില്‍ പെട്ട ആളുകള്‍ ആനുപാതികമായി കുറവാണെന്ന് പഠനത്തില്‍ പറയുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ഇടുക്കിയില്‍ 2.08 ശതമാനം ആദിവാസികള്‍ക്കും 1.64 ദളിത് ക്രസ്ത്യാനികള്‍ക്കും മാത്രമാണ് 10,000 രൂപയുടെ ധനസഹായം ലഭിച്ചത്. “The Extent of Inclusion of Dalit and Adivasi Communities in the Post-Disaster Response in Kerala, 2018.” എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
പ്രളയ സമയത്ത് ദളിത്, ആദിവാസി വിഭാഗത്തിനും മുന്നാക്ക ജാതിയില്‍ പെട്ടവര്‍ക്കും പ്രത്യേക ക്യാമ്പുകളായിരുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 13 ശതമാനം ആളുകളും പറയുന്നു. 19.53 ശതമാനം പട്ടിക വിഭാഗക്കാരും ജാത്യാടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ വേര്‍തിരിച്ചുവെന്ന് പറയുമ്പോള്‍ മുന്നാക്ക ജാതിയില്‍ പെട്ട 46.28 ശതമാനം പേരും ഇത് ശരിവെക്കുന്നണ്ട്.
ജനറല്‍ വിഭാഗത്തില്‍ പെട്ട 83.90 ശതമാനം പേര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ട 88.93 ശതമാനം പേര്‍ക്കും അടിയന്തര സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ പ്രളയ ബാധിതരായ 61.92 ശതമാനം ആദിവാസികള്‍ക്കും, 67.68 ശതമാനം ദളിത് ക്രിസ്ത്യാനികള്‍ക്കും മാത്രമാണ് അടിയന്തര സഹായം ലഭിച്ചത്. അര്‍ഹതാ മാനദണ്ഡങ്ങളില്‍ അവസാന നിമിഷം വരുത്തിയ മാറ്റങ്ങളാണ് ഇവര്‍ക്ക് വലിയ തോതില്‍ സഹായം നിഷേധിക്കപ്പെടാനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിലീഫ് ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്‍ക്കും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീടത് നിശ്ചിത അളവില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായവര്‍ക്കായി നിജപ്പെടുത്തുകയായിരുന്നു.
ഭക്ഷണം വെള്ളം തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ദളിത്, ആദിവാസി വിഭാഗങ്ങള്‍ പറയുന്നു. തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ലെന്ന് 24 ശതമാനം പട്ടിക വര്‍ഗ വിഭാഗവും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ജാതി വിവേചനം കൂടുതലായും വയനാട് ജില്ലയിലാണ് ഉണ്ടായത്.
വെള്ളം കുടിക്കാന്‍ ക്യാമ്പുകളില്‍ ജാതി അടിസ്ഥാനത്തില്‍ പ്രത്യേകം പാത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് 16 ശതമാനം പട്ടിക വര്‍ഗ വിഭാഗക്കാരും സാക്ഷ്യപ്പെടുത്തുന്നു. വയനാട്ടിലെ 21.5 ശതമാനം പട്ടിക വര്‍ഗ വിഭാഗവും, 50 ശതമാനം ദളിത് ക്രിസ്ത്യാനികളും ഇത് ശരിവെക്കുന്നുണ്ട്.
മാത്രമല്ല, മുന്നാക്ക വിഭാഗക്കാരെ അപേക്ഷിച്ച് തങ്ങള്‍ക്ക് ക്യാമ്പില്‍ കുറഞ്ഞ സ്ഥലവും പരിഗണനയുമാണ് ലഭിച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 23.48 ശതമാനം പിന്നാക്ക വിഭാഗക്കാരും പറയുന്നുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിതരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 40.20 ശതമാനം ദളിത് വിഭാഗക്കാരും, 24.11 ശതമാനം ദളിത് പട്ടിക വര്‍ഗ വിഭാഗം, 10 ശതമാനം ദളിത് ക്രിസ്ത്യന്‍ വിഭാഗം, 17.49 ശതമാനം ഒ.ബി.സി വിഭാഗം, 7.70 ശതമാനം മുന്നാക്ക ജാതി വിഭാഗം എന്നിവര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്.
മനപ്പൂര്‍വമായ ജാതി വിവേചനത്തെക്കാളുപരി, കാലാകാലങ്ങളായി ആളുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതി ചിന്തയാണ് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്ക് കാരണമെന്ന് റൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അജയ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ജാതി വ്യവസ്ഥ പോലൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എന്തു പദ്ധതി നടപ്പിലാക്കുമ്പോഴും പിന്നാക്ക വിഭാഗക്കാര്‍ക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഏത് സര്‍ക്കാര്‍ ആണെങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ട്. പ്രളയം എല്ലാവരേയും ഒരു പോലെയാണ് ബാധിച്ചതെന്നത് തെറ്റിദ്ധാരണയാണ്. ജാതി വ്യവസ്ഥ ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ എല്ലാവരും ഒന്നാണെന്ന മുന്‍ധാരണയില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ആളുകള്‍ ഒഴിവാക്കപ്പെടും. ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യസ്ഥതയാണ്”- അജയ് കുമാര്‍ പറയുന്നു.
“സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളും ആനുകൂല്യങ്ങളും അവകാശപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ അധികാരത്തിന്റെ താഴേ തട്ടു മുതല്‍ പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്. അതില്ലെങ്കില്‍ വിഭവങ്ങളുടെ വിതരണത്തില്‍ നിന്നും ഇവര്‍ തഴയപ്പെടും. ഇവിടെ സംഭവിച്ചിരിക്കുന്നത് ഇതാണ്”- അദ്ദേഹം പറഞ്ഞു.
“കേരള മോഡല്‍ വികസനം ആദിവാസികളേയും ദളിതരെയും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇത്തരം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നീ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കുട്ടനാട്ടിലെ കോട്ടയം, ആലപ്പുഴ ജില്ലയിലെ പിന്നാക്ക വിഭാഗം ഇക്കാരണത്താല്‍ വര്‍ഷാ വര്‍ഷം ഉണ്ടാവുന്ന വെള്ളപ്പൊക്കങ്ങള്‍ക്ക് ഇരയാവുന്നു. ഇത്തരത്തിലുള്ള സാമൂഹിക, സാമ്പത്തിക, പ്രാതിനിധ്യ പ്രശ്‌നങ്ങളും, അമിതമായി ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നതും കാരണം കേരളത്തിലെ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് ദളിത്, ആദിവാസി വിഭാഗങ്ങളെയാണെന്ന് കാണാം”- റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രളയത്തിന്റെ സമയത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും മറ്റും അധിക പരിഗണന ലഭിച്ചതായി സര്‍വേയുടെ ഭാഗമായ 20.57 ശതമാനം ആളുകളും പറയുന്നു. വയനാട്ടിലെ 37.28 ശതമാനത്തോളം പട്ടിക വര്‍ഗ വിഭാഗക്കാരും പ്രളയത്തിന്റെ സമയത്ത് വിവേചനം നേരിട്ടിരുന്നു. പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം താമസിച്ചു. പെട്ടെന്നെത്തിപ്പെടാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പ്രത്യേക ജാതിയില്‍ പെട്ടവരാണ് കൂടുതലെന്നിരിക്കെ സ്ഥിരസ്ഥിതിയായ വിവേചനമാണിതെന്നാണ് ശ്രദ്ധിക്കേണ്ട വസ്തുത”- പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.കെയിലെ ക്രിസ്ത്യന്‍ എയ്ഡ്, ഓക്സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ സഹായത്തോടെ നടത്തിയ പഠനം, മുഖ്യമന്ത്രിയുടെ ഒാഫീസിന് കൈമാറിയിരുന്നു. അരികുവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി പ്രത്യേക പാക്കേജുകള്‍ ആരംഭിക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്