കണ്ണൂർ: മന്ത്രി കെ. രാധാകൃഷ്ണന്റെ അയിത്തം നേരിട്ടു എന്ന പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ക്ഷേത്ര പൂജാരിമാർ ജാതി നോക്കിയല്ല ഭക്തരെ സ്വീകരിക്കുന്നതെന്നും അഖില കേരള തന്ത്രി സമാജം.
കേരള ആചാരപ്രകാരം ക്ഷേത്രങ്ങളിൽ പാലിക്കുന്ന ശുദ്ധി എന്ന് പറയുന്നത് ആത്മീയമായ ഒന്നാണെന്നും ജാതി തിരിച്ചുള്ളതല്ലെന്നും വാർത്താകുറിപ്പിൽ സമാജം അറിയിച്ചു.
‘ദേവപൂജ കഴിയുന്നത് വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസം ഇല്ല. വിവാദമുണ്ടായ ക്ഷേത്രത്തിലും ഇതാണ് ഉണ്ടായത്,’ വാർത്താകുറിപ്പിൽ പറയുന്നു.
പൂജക്കിടയിലാണ് മേൽശാന്തി വിളക്ക് കൊളുത്താൻ വന്നതെന്നും തുടർന്ന് പൂജ പൂർത്തിയാക്കാനായി പോയെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ ദുഷ്ടലാക്ക് ഉണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
മന്ത്രി വന്ന ദിവസം താൻ അവിടെ ഉണ്ടായിരുന്നില്ല എന്നും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞത്.
കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്. ജനുവരിയിൽ കണ്ണൂർ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോൾ പൂജാരിമാർ കത്തിച്ച വിളക്ക് തനിക്ക് തരാതെ നിലത്തുവച്ചെന്നും താൻ അതെടുക്കാതെ ആ വേദിയിൽ വച്ചുതന്നെ ആ പ്രവൃത്തിക്കെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത്.
നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സംഭവത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.
തുടർന്ന് എസ്.സി-എസ്.ടി കമ്മീഷൻ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരെ കേസെടുത്തിരുന്നു.
Content Highlight: Caste discrimination; Minister’s statement is due to misunderstanding says Kerala Thanthri Samajam