ജയിലുകളില്‍ ജാതി വിവേചനം; കേരളമുള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
national news
ജയിലുകളില്‍ ജാതി വിവേചനം; കേരളമുള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 8:48 am

ന്യൂദല്‍ഹി: ജയിലുകളില്‍ ജാതി വിവേചനം സംഭവിക്കുന്നുണ്ടെന്ന പൊതുതാത്പര്യ ഹരജിയില്‍ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും സുപ്രീംകോടതിയുടെ നോട്ടീസ്. കേരളമുള്‍പ്പടെയുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ജാതിവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേരളം, തമിഴ്‌നാട്, ആന്ധപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡിഷ, ത്സാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലില്‍ ജയില്‍ പുള്ളികളെ പാര്‍പ്പിക്കുന്നതും ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാതിക്കുന്നിടത്ത് ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിലെ പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ തേവര്‍, നാടാര്‍, പള്ളാര്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവരെ ജാതി അടിസ്ഥാനത്തില്‍ വെവ്വേറെ സെല്ലുകളില്‍ താമസിപ്പിച്ചത് ഹരജിയില്‍ പറയുന്നുണ്ട്.

രാജസ്ഥാനിലെ ജയിലുകളില്‍ ഹിന്ദു മതത്തിലെ ഉന്നത ജാതിക്കാര്‍ പാചകക്കാരായി നിയമിക്കാന്‍ യോഗ്യരാണെന്ന ജയില്‍ മാനുവലിലെ ഭാഗവും ജാതിവിവേചനത്തിന്റെ ഉദാഹരണമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ്. മുരളീധരനാണ് ഹരജിക്കാരിക്ക് വേണ്ടി ഹാജരായിട്ടുള്ളത്.

അതേസമയം ജയിലുകളില്‍ ജാതിവിവേചനമുള്ളതായി കേട്ടിട്ടില്ലെന്നും തടവുകാരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയുമാണ് ജയിലുകളില്‍ വെവ്വേറെ താമസിപ്പിക്കുന്നതെന്നും സര്‍ക്കാറിന് വേണ്ടി സോളിസിറ്റി ജനറല്‍ വാദിച്ചു.

content highlights; caste discrimination in prisons; Supreme Court Notice to 11 States and Center including Kerala