| Saturday, 6th June 2015, 10:49 am

ജാതി ഇല്ലെന്നഹങ്കരിക്കണ്ട, കേരളത്തില്‍ ശക്തമായി അത് നിലനില്‍ക്കുന്നു; ഇതാ മറ്റൊരു തെളിവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരാമ്പ്ര: അയിത്താചാരത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പേരാമ്പ്രയിലെ സ്‌കൂളില്‍ ജാതീയമായ വിവേചനം. പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിലാണ് ജാതീയമായ വിവേചനം നിലകൊള്ളുന്നത്.

ഈ വിദ്യാലയത്തില്‍ പറയവിഭാഗത്തിലെ കുട്ടികള്‍ മാത്രമാണുളളത്. മികച്ച കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടായിട്ടും 12 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. മറ്റ് ജാതിയില്‍ നിന്നുള്ള കുട്ടികളെ രക്ഷിതാക്കള്‍ ഇവിടെ പഠിപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ മറ്റ് ജാതിയില്‍പ്പെട്ട രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നാണ് സ്‌കൂളിലെ പ്രധാന അധ്യാപകനായ രഘുദാസ് പറഞ്ഞത്. പറയ കുട്ടികള്‍ക്കൊപ്പം തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം.

1957ലാണ് ഈ സ്‌കൂള്‍ തുടങ്ങിയത്. അന്ന് ജാതിഭേദമന്യേ 200 ഓളം കുട്ടികള്‍ ഇവിടെ പഠനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പറയവിഭാഗത്തിലെ കുട്ടികള്‍ ഒഴികെയുള്ളവരെ ഇവിടെ ചേര്‍ക്കാതായി.

അതേസമയം, ഇവിടെ അധ്യയനം പൂര്‍ത്തിയാക്കുന്ന പറയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മറ്റ് സ്‌കൂളുകളില്‍ അവഗണിക്കപ്പെടുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

We use cookies to give you the best possible experience. Learn more