ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ തന്ത്രിമാർക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി ദേവസ്വം. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.
കൊച്ചിൻ ദേവസ്വം കമീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ തന്ത്രിമാരുടെ പ്രതിഷേധം കാരണം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍ ഓഫീസ് ജോലികളിലേക്ക് മാറ്റിയിരുന്നു. ഈ സംഭവത്തിൽ ജാതിയുടെ പേരിൽ വ്യക്തികളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുകയാണ്.
‘കൂടൽമാണിക്യം ദേവസ്വം കെ.ഡി.ആർ.ബി നിയമിക്കുന്ന ഏതൊരു വ്യക്തിയെയും ആ പോസ്റ്റിലേക്ക് നിയമിച്ചിരിക്കും. നിയമം ആരുടെ കൂടെയാണോ അതിനൊപ്പം ഞങ്ങൾ നിൽക്കും. തന്ത്രിമാർക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഒന്നുകിൽ കോടതിയെ സമീപിച്ച് അതിന് പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ സർക്കാരുമായി തീരുമാനിച്ച് പരിഹാരമുണ്ടാക്കണം. തന്ത്രിമാരുടെ ആവശ്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാനാണ് ഞങ്ങൾക്ക് അധികാരമുള്ളത്. ഏത് ഉദ്യോഗാർത്ഥി വന്നാലും അവർക്ക് എല്ലാ വിധ പരിരക്ഷയും ഞങ്ങൾ ഒരുക്കും,’ ഇരിങ്ങാലക്കുട ദേവസ്വം ചെയർമാൻ സി.കെ ഗോപി പറഞ്ഞു.
ജാതി വിരുദ്ധത അംഗീകരിക്കാനാവില്ലെന്നും കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടവിരുദ്ധമാണെന്നും കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. ജാതിയുടെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്ന് മുതൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
Content Highlight: Caste discrimination in Koodalmanikya temple; Devaswom says it will not give in to the Thantris, Human Rights Commission seeks report on caste discrimination