ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ‘മേല്‍ജാതി’യില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായി ആരോപണം.
ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ട് നിലനില്‍ക്കുന്നുണ്ടെന്ന പരാതിയുമായി ഒരുകൂട്ടം വാദ്യ കലാകാരന്മാര്‍ രംഗത്തെത്തിയതോടെയാണ് ജാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ വിവേചനം നടക്കുന്നുണ്ടെന്ന ആരോപണം ശക്തിപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തില്‍ നിന്ന് വിവേചനം നേരിടുന്നത് ഇതാദ്യമായല്ലെന്നും നിരവധി തവണ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായുണ്ടെന്നും കലാകാരന്മാര്‍ പറയുന്നു.
ക്ഷേത്രമതിലനകത്ത് ഇപ്പോഴും ചില ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യം അവതരിപ്പിക്കാന്‍ പറ്റുന്നില്ലെന്നാണ് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറയുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്ന് ജാതിയുടെ പേരില്‍ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ ഇദ്ദേഹം കൊട്ടിയിട്ടുണ്ട്. 301 കലാകാരന്‍മാരുടെ പ്രമാണിയായി മൂന്നരമണിക്കൂര്‍ പ്രകടനം നടത്തി ലിംക ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിട്ടുമുണ്ട്.
” ചെണ്ടയും തിമലയും ഇടക്കയും അമ്പലവാസികള്‍ക്കല്ലാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊട്ടാന്‍ അവസരം കിട്ടുന്നില്ല. 100 പേര്‍ പങ്കെടുക്കുന്ന മേളം നടക്കുമ്പോള്‍ കൊമ്പ്, കുഴല്‍, ഇലത്താളം, മദ്ദളം എന്നിവ മാത്രമാണ് മറ്റ് ജാതിക്കാര്‍ക്ക് കിട്ടുന്നത്. അതില്‍ ഹരിജനങ്ങളൊന്നുമില്ല. ദേവസ്വംബോര്‍ഡുകള്‍ പൂജയ്ക്ക് പൂജാരികളെ നിയമിച്ചത് പോലെ ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പട്ടിക ജാതിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉത്സവങ്ങളില്‍ പഞ്ചവാദ്യവും മേളവും അവതരിപ്പിക്കാന്‍ അവസരമുണ്ടാകണമെന്നാണ് എനിക്ക് പറയാനുള്ളത്. ജാതിയുടെ പേരില്‍ കലാകരന്മാരെ മാറ്റിനിര്‍ത്തുന്നപ്രവണതയ്‌ക്കെതിരെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് കലാകാരന്മാരുടെ തീരുമാനം. ഗുരുവായൂര്‍ ക്ഷേത്രത്തിലും സംഗീത നടാക അക്കാദമിയിലും വിവരാവകാശ പത്രിക കൊടുത്തിട്ടുണ്ടെന്നും അതിന്റെ മറുപടി കിട്ടുന്ന മുറയ്ക്ക് മറ്റ് പദ്ധതികള്‍ രൂപീകരിക്കാമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കലാകരനായ കൃഷ്ണന്‍ വി.എ പറഞ്ഞു.
എന്നാല്‍ ദേവസ്വം ചെയര്‍മാന്‍ കലാകാരന്മാര്‍ പറയുന്നത് വാസ്തവമല്ലെന്നാണ് പറയുന്നത്. ഇത്തരത്തിലൊരു പ്രശ്‌നം ക്ഷേത്രത്തില്‍ ഉള്ളതായി കലാകരന്മാര്‍ തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് ചെയര്‍മാന്‍ മോഹന്‍ ദാസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
കലാകാരന്മാര്‍ മാധ്യമങ്ങളോട് മാത്രമാണ് പരാതി പറഞ്ഞിരിക്കുന്നതെന്നും മോഹന്‍ ദാസ് പറഞ്ഞു.
കലാകാരന്മാര്‍ മാധ്യമങ്ങളോട് പരാതി പറയുന്നതിന് തനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചെയര്‍മാന്‍ ചോദിച്ചു.തന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് പറയാനാണെങ്കില്‍ അവര്‍ അവരുടെ വഴി അങ്ങനെ നോക്കട്ടെയെന്നും പറഞ്ഞ ചെയര്‍മാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ആദ്യം പറയേണ്ടത് ദേവസ്വത്തിലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
” രണ്ടരക്കൊല്ലം കഴിഞ്ഞു ഞാനിവിടെ ദേവസ്വം ചെയര്‍മാന്‍ ആയിട്ട്. ഇവരാരും എന്നെ വന്ന് കാണുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല”- അദ്ദേഹം പറഞ്ഞു. മിക്ക ദിവസവും ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പോകുന്നതാണ്. കൊവിഡ് സാഹചര്യം ഉള്ളതുകൊണ്ട് ഇപ്പോള്‍ എല്ലാദിവസവും പോകാറില്ല, എങ്കില്‍പ്പോലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്മാര്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്നുകണ്ട് സംസാരിക്കാന്‍ അവസരം ഉണ്ടായിട്ടും പരാതി ഉണ്ടെങ്കില്‍ അത് പറയാതെ മാധ്യമങ്ങളോട് പോയി ദേവസ്വത്തെക്കുറിച്ച് ആക്ഷേപം പറയുന്നത് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ദുരുദ്ദേശ്യത്തോടെ ആണോ എന്ന് സംശയിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന് മുന്നില്‍ കലാകാരന്മാരുടെ പരാതി കിട്ടിയിട്ടില്ലേ എന്ന ചോദ്യത്തിന് ദേവസ്വത്തിന് മുന്നില്‍ പരാതി വന്നിട്ടുണ്ടോ എന്ന് അറിയില്ല, പക്ഷേ തനിക്ക് പരാതികിട്ടിയിട്ടില്ലെന്നാണ് മോഹന്‍ ദാസ് പ്രതികരിച്ചത്.
‘എല്ലാ കടലാസും ചെയര്‍മാന്‍ കണ്ടുകൊള്ളണമെന്നില്ല, അത് അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ലഭിക്കുക. ചെയര്‍മാന്‍ എന്ന നിലയ്ക്ക് എന്റെ മുന്നില്‍ അത്തരത്തിലുള്ള ഒരു പരാതി ലഭിച്ചിട്ടില്ല”, മോഹന്‍ ദാസ് പറഞ്ഞു.
കലാകാരന്മാര്‍ ഉന്നയിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വത്തിന് സാധിക്കില്ലെന്നാണ് പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചത്. ഏഷ്യാറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ഇത്തരം ഒരു പ്രശ്‌നം നടക്കുന്നുണ്ടെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല എന്നത് ദേവസ്വത്തിന്റെ ഏറ്റവും വലിയ കഴിവ് കേടും കൊള്ളരുതായ്മയും യോഗ്യതയില്ലായ്മയും ആണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള വിവേചനം അമ്പലങ്ങളില്‍ മാത്രമല്ല പ്രത്യക്ഷമായി ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്ന തരത്തില്‍ കലകാരന്മാര്‍ ഉയരണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.
ക്ഷേത്രമില്ലെങ്കിലും കല നിലനില്‍ക്കും എന്ന അവസ്ഥ സമൂഹത്തില്‍ വന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിനെതിരെ ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നുവരുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെയും സമാനമായ പരാതിയുമായി കലാകാരരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. 2014 ല്‍ ഇലത്താളം കലാകാരനായ ബാബു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ ഇടത്തുരുത്തി ക്ഷേത്രത്തില്‍ മേളം നടത്താന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പഞ്ചവാദ്യം കൊട്ടി പ്രതിഷേധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക