| Saturday, 21st December 2024, 11:15 am

ഐ.ഐ.എം.ബിയിൽ ജാതി വിവേചനം: ദളിത് പ്രൊഫസർ ജാതീയ അധിക്ഷേപത്തിനിരയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ (ഐ.ഐ.എം-ബി) ജാതി വിവേചനം നടക്കുന്നതായി റിപ്പോർട്ട്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ഋഷികേശ.ടി. കൃഷ്ണൻ ഉൾപ്പെടെ ആറ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കർണാടക സാമൂഹികക്ഷേമ വകുപ്പ് ഉത്തരവിട്ടു.

ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡി.സി.ആർ.ഇ) നടത്തിയ അന്വേഷണത്തിലാണ് വിവേചനം നടക്കുന്നതായി കണ്ടെത്തിയത്. പട്ടികജാതി (എസ്‌.സി) വിഭാഗത്തിൽപ്പെട്ട മാർക്കറ്റിങ് അസോസിയേറ്റ് പ്രൊഫസറായ ഗോപാൽ ദാസ് ജാതീയപരമായി അധിക്ഷേപത്തിനിരയായതായി ഡി.സി.ആർ.ഇ കണ്ടെത്തി.

സ്ഥാപനത്തിനുള്ളിൽ പ്രചരിച്ച ഇമെയിലിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ഋഷികേശ.ടി. കൃഷ്ണൻ, ഗോപാൽ ദാസിൻ്റെ ജാതി പരസ്യമായി വെളിപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ദാസ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ ദാസിന് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2024 ജനുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശന വേളയിൽ ദാസ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയതോടെയാണ് ആരോപണങ്ങൾ ആദ്യമായി പുറം ലോകം അറിഞ്ഞത്. ജോലിയിലെ പല അവസരങ്ങളിലും താൻ ഒഴിവാക്കപ്പെട്ട സംഭവങ്ങളും ജാതി അടിസ്ഥാനത്തിലുള്ള അപമാനം എന്നിവ വിശദമായി കത്തിൽ വിവരിച്ചിരുന്നു. പ്രസിഡൻ്റിൻ്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം ഡി.സി.ആർ.ഇ 2024 മാർച്ചിൽ അന്വേഷണം ആരംഭിച്ചു.

ഡി.സി.ആർ.ഇ അന്വേഷണം ആരംഭിച്ചതോടെ പീഡനം രൂക്ഷമായെന്ന് ആരോപിച്ച് ദാസ് മെയ്മാസത്തിൽ കർണാടക സാമൂഹികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.മണിവണ്ണന് കത്തയച്ചു. എന്നാൽ ഐ.ഐ.എം-ബി ഇത് നിഷേധിക്കുകയും മാധ്യമങ്ങളുമായി അനധികൃതമായി വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ച് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ഡി.സി.ആർ.ഇയുടെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി.പി) അരുൺ ചക്രവർത്തി നവംബർ 26ന് സാമൂഹ്യക്ഷേമ വകുപ്പിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി) ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിൽ ഐ.ഐ.എം-ബി പരാജയപ്പെട്ടതായി റിപ്പോർട്ടിൽ വെളിപ്പെട്ടു.

Content Highlight: Caste Discrimination at IIM-B: Probe Finds Dalit Professor Faced Humiliation, Exclusion

We use cookies to give you the best possible experience. Learn more