| Thursday, 15th June 2023, 11:53 pm

ജോലി സ്ഥലത്ത് ജാതി വിവേചനം; ദളിത് യുവാവ് ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെ കുറിച്ച് പരാതി നല്‍കിയതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജൂണ്‍ 3ന് ജോലി സ്ഥലത്തെ ജാതി വിവേചനത്തെയും അതിക്രമത്തെയും കുറിച്ച് ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവേക് പരാതി നല്‍കിയിരുന്നു. പിന്നീട് യുട്യൂബില്‍ വീഡിയോ ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് വിഭാഗത്തില്‍പ്പെട്ട വിവേക് ഇനി തനിക്ക് ഇതിനെതിരെ പോരാടാന്‍ സാധിക്കില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശ് കപ്തന്‍ഗജ് ബാസ്ത് സ്വദേശിയാണ് വിവേക്. ബെംഗളൂരുവിലെ ലൈഫ്‌സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിന്  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ രാജ്കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘പരാതി നല്‍കിയതിന് ശേഷം അവന്‍ എന്നെ വിളിച്ചിരുന്നു. അവന്‍ അനുഭവിക്കുന്ന അവസ്ഥകളെ കുറിച്ചൊന്നും അവന്‍ പറഞ്ഞില്ല. സാധാരണ സംസാരിക്കാറുള്ള കാര്യങ്ങള്‍ തന്നെയാണ് സംസാരിച്ചത്. 20 വര്‍ഷം മുന്‍പ് എന്റെ ഭാര്യ മരിച്ചു. എനിക്ക് അവന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇനി ഒറ്റക്ക് കഴിയാനാണ് എന്റെ വിധി,’ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സെക്ഷന്‍ 34, 306 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈറ്റ് ഫീല്‍ഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 3ന് വിവേക് പുറത്ത് വിട്ട വീഡിയോയില്‍ അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിച്ചതായി പറയുന്നുണ്ട്.

മരിക്കുന്നതിന് മുന്‍പ് വിവേക് നല്‍കിയ പരാതിയില്‍ കമ്പനിയിലെ മൂന്ന് മുതിര്‍ന്ന ജീവനക്കാര്‍ ജാതിയുടെ പേരില്‍ തന്നോട് വിവേചനം കാട്ടിയിരുന്നതായി പറയുന്നുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സെക്ഷന്‍ 3(1)(r) 31(1)(s) എന്നിവ പ്രകാരം കേസുകള്‍ എടുത്തിരുന്നു.

ജാതി വിവേചന പ്രശ്‌നം കമ്പനിയിലെ എച്ച്.ആറിനെതിരെയും വിവേക് ഉന്നയിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഓഫീസില്‍ നിന്നും വിവേകിനോട് ജൂണ്‍ 18നകം രാജിവെക്കാന്‍ പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതായും എഫ്.ഐ.ആറില്‍ നിന്നും തങ്ങളുടെ പേരുകള്‍ നീക്കാന്‍ ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ വ്യവസ്ഥിതി അഴിമതിയിലാണെന്നും പണമുള്ള അധികാരവുമുള്ള ആളുകള്‍ നിങ്ങളെ ദ്രോഹിക്കുമെന്നും വിവേക് മരിക്കുന്നതിന് മുന്‍പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്.

Content Highlight: caste descrimination in work place; dalit man suicided

We use cookies to give you the best possible experience. Learn more