| Thursday, 26th September 2024, 4:24 pm

ജാതി തര്‍ക്കം; തിരുനെല്‍വേലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അരിവാള്‍ കണ്ടെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തിരുനെല്‍വേലിയിലെ ഏയ്ഡഡ് സ്‌കൂളില്‍ ജാതി തര്‍ക്കത്തെതുടര്‍ന്ന് സ്‌കൂളില്‍ ആയുധങ്ങളുമായി എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്താക്കി സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ ബാഗില്‍ അരിവാള്‍, രണ്ട് കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയുമായാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത്.

എന്നാല്‍ മറ്റ് ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വയം സംരക്ഷണം നേടാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളിലെ ബാത്ത്‌റൂമിലെ ചുമരില്‍ ഒരു വിഭാഗം കുട്ടികള്‍ ജാതിപ്പേര് എഴുതിവെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമായി. സ്‌കൂള്‍ വളപ്പില്‍ വെച്ച് പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരേ ജാതിയില്‍ ഉള്‍പ്പെട്ടവരാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ പേടി കാരണം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌കൂള്‍ ബാഗില്‍ ആയുധങ്ങള്‍ കരുതിവെക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നി കായികാധ്യാപകന്‍ ബാഗ് പരിശോധിച്ചപ്പോള്‍ ആയുധങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ ഉടന്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

മറ്റ് നാല് വിദ്യാര്‍തഥികളെ ഒക്ടോബര്‍ രണ്ട് വരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനോട് നടപടിയെടുക്കണമെന്ന് വിവിധ ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറച്ച് മാസങ്ങളായി തിരുനെല്‍വേലി ജില്ലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതിയുടെ പേരിലുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഒരാഴ്ച്ചയ്ക്ക് മുമ്പ് ക്ലാസില്‍ അരിവാളുമായി എത്തി സഹപാഠിയെ ഭീഷണിപ്പെടുത്തിയ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലൈയ്യൂത്ത് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കത്തി ഉപയോഗിച്ച് ഹെഡ്മാസ്റ്ററെ അക്രമിച്ച സംഭവത്തില്‍ നാന്‍ഗുമേരി പോലീസും വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Content Highlight: caste conflict; A sickle was recovered from a school student’s bag in Tirunelveli

We use cookies to give you the best possible experience. Learn more