മധ്യപ്രദേശ്: ജാതി സെന്‍സസ് രാജ്യത്തിന്റെ എക്‌സറെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് രാജ്യത്തെ ഒ.ബി.സിക്കാരിലേക്കും ദളിതരിലേക്കും ഗോത്ര വര്‍ഗക്കാരിലേക്കും വെളിച്ചം വീശുന്ന ഒന്നാണെന്നും രാഹുല്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയില്‍ ഒ.ബി.സി വിഭാഗവും ദളിത് സമൂഹവും നിരന്തരം അരികുവല്‍ക്കരിക്കപ്പെടുകയാണെന്നും അവരെ തിരിച്ചറിയാന്‍ ജാതി സെന്‍സസ് കൊണ്ട് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ചില സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ജാതി സെന്‍സസിന് കഴിയുമെന്നും അതിലൂടെ പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകുമെന്നുമാണ് രാഹുല്‍ പറഞ്ഞത്.
മധ്യപ്രദേശ് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയാല്‍ ജാതി സെന്‍സസ് നടത്തും. കാരണം രാജ്യത്തെ ഒ.ബി.സിക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആ സര്‍വ്വേ ഫലങ്ങള്‍ പരസ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. കൂടാതെ യു.പി.എ സര്‍ക്കാര്‍ ശേഖരിച്ച സാമൂഹിക സാമ്പത്തിക സര്‍വ്വേ ഫലങ്ങള്‍ കൂടി പുറത്തുവിടാന്‍ കഴിയുമോയെന്നും രാഹുല്‍ ചോദിച്ചു.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സംസാരിക്കുന്നില്ലായെന്നും പക്ഷെ തങ്ങളുടെ തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
എന്തുകൊണ്ടാണ് ഒ.ബി.സി യുവാക്കള്‍ തൊഴില്‍ രഹിതര്‍ ആവുന്നതെന്ന് അറിയാമോ? 90 ല്‍ മൂന്ന് എന്ന കണക്കിലാണ് ഉന്നത ഉദ്യോഗസ്ഥരായി ഒ.ബി.സി (മറ്റു പിന്നോക്ക വിഭാഗക്കാര്‍) യുവാക്കള്‍ വരുന്നത്. അവര്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂയെന്നും രാഹുല്‍ പറഞ്ഞു.
ഗോത്രവര്‍ഗത്തെ ആദിവാസിയെന്നും വനവാസിയെന്നും വിളിക്കുന്നതില്‍ രണ്ട് അര്‍ത്ഥങ്ങള്‍ ഉണ്ട്. വനവാസികള്‍ കാട്ടില്‍ താമസിക്കുന്നവര്‍ ആണ്. ഭൂമിയുടെ ആദ്യ അവകാശികള്‍ ആണ് ആദിവാസികള്‍. എന്നാല്‍ വനവാസികള്‍ എന്ന് വിളിക്കുന്നതിലൂടെ വീണ്ടും അവരെ സര്‍ക്കാരും നരേന്ദ്രമോദിയും വ്രണപ്പെടുത്തുകയാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ ഭരണത്തിലെത്തിയാല്‍ എല്ലാ സ്ത്രീകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1500 രൂപ വീതം നിക്ഷേപിക്കുകയും എല്‍.പി.ജി സിലിണ്ടര്‍ 500 രൂപയ്ക്കു ലഭ്യമാക്കുമെന്നും 100 യൂണിറ്റ് ഇലക്ട്രിസിറ്റി സൗജന്യമായി നല്‍കുമെന്നും രാഹുല്‍ അറിയിച്ചു.
മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യചികിത്സ, ഉച്ചഭക്ഷണം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അഴിമതികളെ തുറന്ന് കാണിക്കാന്‍ എല്‍.കെ അദ്വാനി എഴുതിയ പുസ്തകത്തിലെ ‘ഗുജറാത്തല്ല, ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും പരീക്ഷണശാല മധ്യപ്രദേശാണ്’ എന്ന വാചകവും രാഹുല്‍ ഉപയോഗിച്ചു.
Content Highlight: Rahul Gandhi speak about caste census