| Friday, 19th January 2024, 12:33 pm

കേന്ദ്രത്തിൽ നിന്ന് മറുപടിയില്ല ; ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് സ്വന്തം നിലക്ക് ആരംഭിച്ച് ജഗൻ മോഹൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടത്താനൊരുങ്ങി ജഗൻ മോഹൻ സർക്കാർ. കേന്ദ്രത്തിൽ നിന്ന് മറുപടി ഉടൻ തന്നെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം നിലക്ക് സെൻസസ് നടത്താൻ ആന്ധ്ര സർക്കാർ തീരുമാനിച്ചത്. ജാതി സെൻസസ് നടപടികൾ ഇന്ന് ആരംഭിക്കും.

രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള ഡോ. ബി.ആർ അംബേദ്കറിന്‍റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേദിവസം തന്നെയാണ് ആന്ധ്ര സർക്കാർ ജാതി സെൻസസ് നടപടികളും തുടങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയിൽ ജഗൻമോഹന്‍റെ നിർണായക രാഷ്ട്രീയ നീക്കമാണിത്.

തദ്ദേശ ഭരണ സംവിധാനം പൂർണമായി ഉപയോഗിച്ചാകും വിവരശേഖരണം നടത്തുക. ഇതിനായി സന്നദ്ധ പ്രവർത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കുമെന്ന് ആന്ധ്ര നിയമസഭയിൽ സർക്കാർ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് ജഗൻമോഹൻ റെഡ്ഡി കത്ത് നൽകിയെങ്കിലും മറുപടി അകാരണമായി വൈകുകയായിരുന്നു. കേന്ദ്രം ഉടനെയൊന്നും ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെൻസസ് നടപ്പാക്കാൻ ജഗൻമോഹൻ റെഡ്‌ഡി തീരുമാനമെടുത്തത്.

വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണ് ജാതി സെൻസസ്. കണക്കെടുപ്പിന് ആളുകളുടെ ജീവിതനിലവാരം മാറ്റാൻ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.ബീഹാറിന് ശേഷം ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ 3.56 കോടി ജനസംഖ്യയുള്ള 1.23 കോടി കുടുംബങ്ങളും  നഗരപ്രദേശങ്ങളിൽ ഏകദേശം 1.3 കോടി ജനസംഖ്യയുള്ള 44.44 ലക്ഷം കുടുംബങ്ങളും അടങ്ങുന്ന പ്രദേശത്തിന്റെ വിവരങ്ങൾ ജാതി സെൻസസിലൂടെ ശേഖരിക്കപ്പെടും.

Content Highlight :Caste census begins in Andhra Pradesh

Latest Stories

We use cookies to give you the best possible experience. Learn more