മുംബൈ: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ക്ക് ജാതി അടിസ്ഥാനമാക്കി നല്‍കിയിരിക്കുന്ന പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പേരുകള്‍ മാറ്റാന്‍ തീരുമാനമായത്.
മഹര്‍-വാഡ, ബൗദ്ധ്-വാഡ, മംഗ്-വാഡ, ബ്രാഹ്മണ-വാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ സാധാരണമായി ഉപയോഗിച്ചുവരുന്നവയാണ്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ പ്രദേശമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടെന്നും ഇതൊഴിവാക്കാനാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള തീരുമാനം സാമൂഹിക ഐക്യവും ദേശീയ ഐക്യവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. പേര് മാറ്റിയതിനു ശേഷം യഥാക്രമം സമത നഗര്‍, ഭീം നഗര്‍, ജ്യോതി നഗര്‍, ഷാഹു നഗര്‍, ക്രാന്തി നഗര്‍ എന്നിങ്ങനെയാകും ഇവയ്ക്ക് പേരിടുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ ഡോ.ബാബാ സാഹേബ് അംബേദ്കര്‍ ദളിത് മിത്ര അവാര്‍ഡിലും സംസ്ഥാനസര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഈ പുരസ്‌കാരത്തിന്റെ പേര് ബാബാ സാഹേബ് അംബേദ്കര്‍ സമാജ്ഭൂഷണ്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക