| Tuesday, 25th December 2018, 9:02 pm

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ കാര്‍ട്ടൂണില്‍ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി; കാര്‍ട്ടൂണിസ്റ്റിനെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച ജന്മഭൂമി. പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്ക് വഴി ഖേദം പ്രകടിപ്പിച്ചത്.

കാര്‍ട്ടൂണിസ്റ്റിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ് ഗിരീഷ് നല്‍കി വിശദീകരണമെന്നും വിശദീകരണകുറിപ്പില്‍ പറയുന്നു.

Also Read  ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്; പലരും എത്തുന്നത് പ്രശസ്തിക്ക് വേണ്ടി; ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി

ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ലെന്നും. കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നെന്നും ഖേദപ്രകടനത്തില്‍ പറയുന്നു.

ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍.

Also Read  സുവര്‍ണാവസരം പാളി; ശബരിമയിലെ നിലപാടില്‍ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: നേതൃത്വം സമ്മര്‍ദത്തില്‍

ദൃക്‌സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ “വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്” എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് വിവാദപരാമര്‍ശമുള്ളത്. “തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം” എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍.എസ്.എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടതെന്നും ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.

വിശദീകരണ കുറിപ്പ് പൂര്‍ണരൂപം,

ദൃക്സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയില്‍ ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല.

കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല.

ഈ സാഹചര്യത്തില്‍ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more