|

ജാതി അധിക്ഷേപ പരാമർശം; സത്യഭാമയുടെ ജാമ്യപേക്ഷയെ എതിർത്ത് ആർ.എൽ.വി. രാമകൃഷ്ണൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നർത്തകൻ ആർ. എൽ. വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയുടെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷനും ആർ.എൽ.വി രാമകൃഷ്ണനും. നേരത്തെ ഹൈക്കോടതിയും സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

സംഭവശേഷവും സത്യഭാമ സമാനമായ പ്രതികരണങ്ങൾ മാധ്യമങ്ങളിലൂടെ ആവർത്തിച്ചുവെന്നും അധ്യാപികയായ പ്രതി മകനെ പോലെ സംരക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ താൻ മനഃപൂർവം അധിക്ഷേപം നടത്തിയിട്ടില്ലെന്നും സംഭവത്തിന് ശേഷം തനിക്ക് വിദ്യാർത്ഥികളെ നഷ്ടമായെന്നും ജീവിത മാർഗം വഴിമുട്ടിയെന്നും സത്യഭാമ പറഞ്ഞു.

കറുത്ത കുട്ടിയെന്ന പരാമർശം എങ്ങനെയാണ് എസ്.സി എസ്.ടി വകുപ്പിന്റെ പരിധിയിൽ വരുന്നതെന്ന് സത്യഭാമ ചോദിച്ചു. വടക്കെ ഇന്ത്യയിൽ വെളുത്ത ആളുകളും എസ്.സി,എസ്. ടി വിഭാഗത്തിൽ ഉണ്ടെന്നും അവർ പ്രതികരിച്ചു.

നെടുമങ്ങാട് കോടതിയിലാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം സത്യഭാമ കീഴടങ്ങിയത്. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്.

അടുത്തിടെയാണ് രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞിരുന്നത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല’, എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.

സത്യഭാമയുടെ വിവാദ പരാമർശത്തെ തുടർന്ന് തന്നെ വ്യക്തിപരമായി അപമാനിച്ചു എന്ന പരാതിയിൽ ആർ. എൽ. വി രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlight: Caste abuse reference; Opposing Satyabhama’s bail