കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. ഐ.ഒ.ബി എറണാകുളം റീജിയണല്‍ ഓഫീസ് ഡി.ജി.എം നിതീഷ് കുമാര്‍ സിന്‍ഹ, എ.ജി.എം. കശ്മീര്‍ സിങ് എന്നിവരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബറിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതെങ്കിലും അധിക്ഷേപം നേരിട്ട ജീവനക്കാരനെതിരെ ബാങ്ക് നടപടിയെടുത്തിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്.
കൊച്ചി മുളവുകാട് സ്വദേശിയായ ഉദ്യോഗസ്ഥനെയാണ് മേലുദ്യേഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചത്. പ്രതിചേര്‍ക്കപ്പെട്ട മേലുദ്യോഗസ്ഥര്‍ വ്യക്തിപരമായി ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തിയതായും വിവരങ്ങളുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ പുറത്തുപറഞ്ഞതിന്റെ പേരില്‍ ഈ ഉദ്യോഗസ്ഥനെ പ്രതിചേര്‍ക്കപ്പെട്ടവര്‍ ക്യാബിനിലേക്ക് വിളിച്ച് മര്‍ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തത്.
പിന്നാലെ മര്‍ദനവും അധിക്ഷേപവും നേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് 15 വര്‍ഷത്തേക്കുള്ള ഇന്‍ഗ്രിമെറ്റ് കട്ട് ചെയ്യുകയും ഹൈദരാബാദിലേക്ക് ട്രാന്‍ഫര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.
നീ എങ്ങിനെയാണ് ഈ ജോലിയിലെത്തിയതെന്നും ഞങ്ങളുടെ നാട്ടില്‍ നിന്റെ ജാതിയിലുള്ള ഉദ്യോഗസ്ഥര്‍ ഈ പണികളാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞ് ചെടി നനപ്പിക്കുകയും ചായവാങ്ങിപ്പിക്കുകയും ചെയ്‌തെന്ന് അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു.
ബാങ്കിങ് ജോലികള്‍ ചെയ്യാനുണ്ടെന്നതിനാല്‍ മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിഷേധിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിനെ കായികമായി മര്‍ദിച്ചെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം മുളവുകാട് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പരാതി നല്‍കിയതിന്റെ പേരില്‍ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥന്റെ പങ്കാളി പറഞ്ഞു.
ജീവിതം നശിപ്പിച്ചു കളയുമെന്ന ഭീഷണിയുടെ പേരില്‍ ആദ്യം നല്‍കിയ പരാതി പിന്‍വലിച്ചെന്നും എന്നാല്‍ പീഡനങ്ങള്‍ വീണ്ടും തുടരുകയും സസ്‌പെന്‍ഷനിലേക്ക് കടക്കുകയും ചെയ്തതോടെയാണ് വീണ്ടും പരാതി നല്‍കിയത്.
സസ്‌പെന്‍ഷര്‍ ഓര്‍ഡര്‍ കൈപറ്റാന്‍ ചെന്നപ്പോള്‍ നിതീഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിച്ച് അവര്‍ക്കെതിരെ പരാതി നല്‍കിയതാണ് താന്‍ ചെയ്ത തെറ്റെന്ന് പറഞ്ഞു. മാത്രവുമല്ല നോര്‍ത്ത് ഇന്ത്യയിലേക്ക് സ്ഥലം മാറ്റുമെന്നും അവിടെ പോയാല്‍ മനസിലാകും അവിടെയുള്ള ഉന്നതകുലജാതരായിട്ടുള്ള ആളുകള്‍ ‘താഴ്ന്ന’ ജാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നും പറഞ്ഞതായി അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു.
കാലില്‍ വീണ് മാപ്പ് പറഞ്ഞാല്‍ നിനക്ക് രക്ഷപ്പെടാമെന്ന് പറഞ്ഞ് അധിക്ഷേപം നേരിട്ട ഉദ്യോഗസ്ഥനെ കൊണ്ട് നിതീഷ് കുമാര്‍ സിന്‍ഹ കാല് പിടിപ്പിച്ചെന്നും നടപടി നേരിട്ട ഉദ്യോഗസ്ഥന്റെ ഭാര്യ പറയുന്നു.
ഇപ്പോള്‍ പുറത്തുവന്ന ഈ കേസിന് പുറമെ സമാനതകളില്ലാത്ത പീഡനത്തിന്റെയും തൊഴില്‍ ചൂഷണത്തിന്റെയും വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും പുറത്തുവരുന്നത്. തിരുവനന്തപുരം റീജിയണിലെ ക്ലറിക്കല്‍ ജീവനക്കാരോട് ബാങ്കിങ് സമയത്ത് പുറത്തുപോയി ഗോള്‍ഡ് ലോണ്‍ കസ്റ്റമേര്‍സിനെ ബാങ്കിലേക്ക് എത്തിക്കാന്‍ നിര്‍ബന്ധിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ ഗോള്‍ഡ് ലോണ്‍ ബിസിനസെങ്കിലും ഓരോരുത്തരും കൊണ്ടു വന്നില്ലെങ്കില്‍ തിരികെ വരേണ്ടിതല്ലെന്ന് മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകളില്‍ പറയുന്നു.
2024ല്‍ നടന്ന ബ്രാഞ്ച് മാനേജര്‍മാരുടെ യോഗത്തില്‍ പരമാവധി ഇടപാടുകാരെ കണ്ടെത്തിയില്ലെങ്കില്‍ ബാങ്ക് സ്വകാര്യ വത്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ യോഗത്തില്‍ ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കാനാകൂ എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞത് അനുസരിച്ചാല്‍ മതിയെന്നായിരുന്നു നിതീഷ് കുമാര്‍ സിന്‍ഹയുടെ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ ഭീഷണിയെ കുറിച്ച് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കമന്റിട്ടതിന്റെ പേരില്‍ മൂന്നുപേരെ വടക്കേ ഇന്ത്യയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
മേലുദ്യോഗസ്ഥരുടെ ഇത്തരം പീഡനങ്ങള്‍ ഇടപാടുകാരെയും ബുദ്ധിമുട്ടിലാക്കുന്നതായാണ് വിവരം. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പലിശയടച്ച് പുതുക്കിവെക്കാന്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും മുഴുവന്‍ തുകയും അടച്ച് തിരികെ എടുക്കുകയോ മറ്റൊരാളുടെ പേരില്‍ പുതിയ പണയമായോ വെക്കാനുമാണ് ബാങ്ക് നിര്‍ബന്ധിക്കുന്നത് എന്നും പരാതികളുണ്ട്.
content highlights: Caste Abuse in Indian Overseas Bank