| Monday, 16th September 2024, 8:38 am

ജാതി അധിക്ഷേപം, വധഭീഷണി; കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കരാറുകാരനെതിരെ ജാതി അധിക്ഷേപവും വധഭീഷണിയും നടത്തിയ കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ മുനിരത്‌നയെ പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) കരാറുകാരന്‍ ചെലുവരാജുവിന്റെ പരാതി പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നല്‍കിയ പരാതി പ്രകാരം പൊലീസ് രാജരാജേശ്വരി നഗര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോലാറില്‍ വെച്ചാണ് എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കരാറുകാരനെതിരെ എം.എല്‍.എ വധഭീഷണി മുഴക്കുകയും ജാതി അധിക്ഷേപം നടത്തുകയുമായിരുന്നു. മുനിരത്‌ന ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചെലുവരാജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള മൂന്ന് പേര്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഒന്ന് വധഭീഷണിയുമായി സംബന്ധിച്ചുള്ളതും മറ്റൊന്ന് ജാതി അധിക്ഷേപത്തിനുമാണ്. എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

എം.എല്‍.എ തന്നെ നിരന്തരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ശാരീരികമായി ആക്രമണത്തിനിരയാക്കിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ചെലുവരാജു പറഞ്ഞു. 30 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്. എം.എല്‍ എയുമായുള്ള ഫോണ്‍സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ചെലുവരാജു പുറത്തുവിട്ടിരുന്നു.

ഇതിനോടകം പാര്‍ട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം സമിതിക്ക് മുമ്പാകെ വ്യക്തത വരുത്തണമെന്നും ബി.ജെ.പി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കരാറുകാരെനെതിരായ ജാതി അധിക്ഷേപം ചൂണ്ടിക്കാട്ടി എം.എല്‍.എ മുനിരത്‌നയ്‌ക്കെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധിക്കുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടകം എം.എല്‍ എയുടെ വീടും സമീപ പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

Content Highlight: caste abuse, death threats; karnataka BJP MLA arrested

We use cookies to give you the best possible experience. Learn more