വിദ്യാർത്ഥിക്കെതിരെ ജാതിയധിക്ഷേപം; കോളേജ് ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
national news
വിദ്യാർത്ഥിക്കെതിരെ ജാതിയധിക്ഷേപം; കോളേജ് ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2024, 1:11 pm

ഗാസിയാബാദ്: പട്ടിക ജാതി (എസ്.സി) സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയെ ജാതിയമായി അധിക്ഷേപിച്ച കോളേജ് ചെയർമാനെതിരെ കേസെടുത്ത് പൊലീസ്. സ്വകാര്യ കോളേജിലെ ചെയർമാനായ ഹരി ഓം ശർമക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വിദ്യാർത്ഥിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ദളിത്‌ നേതാക്കൾ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

ബറേലി സ്വദേശിയായ വിദ്യാർത്ഥി ജ്ഞാനസ്ഥലി കോളേജിൽ ബി.എഡ് പഠിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫോൺ കോൾ സംഭാഷണത്തിൽ, തനിക്ക് ബി.എഡ് ബിരുദം ലഭിക്കില്ലെന്ന് ചെയർമാൻ വിദ്യാർത്ഥിയോട് പറയുന്നതും, ഓരോ പട്ടികജാതി വിദ്യാർത്ഥികളെയും തോല്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേൾക്കാം. എന്തുകൊണ്ടാണ് ഫീസ് അടയ്ക്കാത്തതെന്ന് ചോദിക്കുന്ന കോളേജ് ചെയർമാൻ, വിദ്യാർത്ഥിയെ ഭോജ്പൂർ പൊലീസ് സ്റ്റേഷനിൽ പൂട്ടുമെന്നും പറയുന്നുണ്ട്.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച ചെയർമാൻ തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഈ കേസെന്ന് ആരോപിച്ചു. ഒരു വിദ്യാർത്ഥിയെ മാത്രമല്ല ദളിത് സമൂഹത്തെ ഒട്ടാകെയാണ് ചെയർമാൻ അപമാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അംഗമായ അനിൽ ഗൗതം പറഞ്ഞു. കോളേജിന്റെ അഫിലിയേഷൻ ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദളിത്‌ സമുദായത്തിനെതിരെ ഇത്തരത്തിൽ ഒരു കോളേജ് ചെയർമാൻ സംസാരിക്കുന്നുണ്ടെങ്കിൽ സമൂഹത്തിൽ ജാതിയത നിലനിൽക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Content Highlight: Caste abuse against student; Police registered a case against the college chairman